അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ ചൈൽഡ് ഹെൽപ്‍ലൈനിൽ വിളിച്ച് പരാതിയറിയിച്ച് നാലുവയസുകാരി. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പിതാവാണ് രക്ഷാബന്ധൻ ദിവസം രാവിലെയുണ്ടായ രസകരമായ വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളാണെന്നും ഒരാള്‍ ശാന്ത സ്വഭാവമുള്ളയാളും മറ്റേയാള്‍ വികൃതിയുമാണെന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.
രക്ഷാബന്ധൻ ദിവസം കുട്ടികളെ ഒരുക്കുകയായിരുന്നു അമ്മ. എന്നാല്‍ വികൃതിയായ കുട്ടിക്ക് ഡ്രസ് ഇഷ്ടമായില്ല, അതോടെ അമ്മയ്ക്ക് നേരെ ശബ്ദമുയര്‍ത്തുകയും കുട്ടി കരയാന്‍ തുടങ്ങുകയും ചെയ്തു. കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ അച്ഛന്‍ മകളെ സമാധാനിപ്പിച്ച് ഡ്രസ് ധരിപ്പിച്ച് റെഡിയാക്കി.
വാശി കാണിക്കുന്നതിന് വീണ്ടും അമ്മ മകളെ വഴക്കു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. അച്ഛന്‍റെ ഫോണ്‍ കൈകലാക്കിയ മകള്‍ പെട്ടന്ന് 'ഇനിയും ശബ്ദമെടുത്താൽ 1098 -ൽ വിളിക്കും' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ രംഗം കണ്ട് അച്ഛനും അമ്മയും അമ്പരന്നു. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വിളിക്കാനായി അമ്മയും അച്ഛനും തന്നെയാണ് കുട്ടികള്‍ക്ക് ഈ നമ്പര്‍ പഠിപ്പിച്ചു നല്‍കിയത്.
ഫോണുമായി അടുത്ത മുറിയിലേക്ക് പോയ കുട്ടി അവിടെ നിന്നും ശരിക്കും ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയും അമ്മയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. അമ്മ മോശമാണെന്നും തന്നെ വഴക്കുപറഞ്ഞെന്നുമായിരുന്നു വിളിച്ചു പറഞ്ഞത്. തനിക്ക് ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കാന്‍ അവളെ നിര്‍ബന്ധിക്കുവെന്നും ധരിക്കില്ലെന്ന് വാശി പിടിച്ചപ്പോഴാണ് വഴക്ക് പറഞ്ഞതെന്നും ഒടുവില്‍ അച്ഛന്‍ തനിക്ക് ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിപ്പിച്ചുവെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു. കുറച്ചധികം നേരം പരാതികള്‍ എല്ലാം കൗൺസിലറോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ കുട്ടി ഫോണ്‍ വച്ചുവെന്നും തിരികെ മുറിക്ക് പുറത്തിറങ്ങിയ ശേഷം ഹെല്‍പ് ലൈനിലേക്ക് വിളിച്ചിട്ടു അവരിപ്പോള്‍ വരും എന്നു അച്ഛനോടും അമ്മയോടും കുട്ടി പറയുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായെത്തുന്നത്.
ഇന്നത്തെ കാലത്ത് കുട്ടികളോട് ഒന്നും പറയാന്‍ പറ്റില്ലെന്നും എന്തൊക്കെയാണെങ്കിലും കുട്ടി നല്ല സ്മാര്‍ട്ടാണെന്നും കമന്‍റുകളുണ്ട്.