ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സ്മരണയിലാണ് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനം. 1942 ഓഗസ്റ്റ് 9ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാകാൻ വഴിതുറന്ന സമരപോരാട്ടത്തിനാണ്, ഓഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ മഹാത്മാ ഗാന്ധി തുടക്കമിട്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ദിശ മാറ്റിയ ക്വിറ്റ് ഇന്ത്യപ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച ഓഗസ്റ്റ് ക്രാന്തി മൈതാനം ഇന്ന് ശാന്തമാണ്. ഒരുകാലത്ത് രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങൾ മുഴങ്ങിയ, ദേശസ്നേഹത്തിന്റെ മന്ത്രങ്ങൾ അലയടിച്ച മൈതാനമാണിത്. ഇന്ന് വലിയൊരു സ്തൂപം മാത്രമാണ് ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനത്തിന്റെ ഓർമയായി ഇവിടെ ശേഷിക്കുന്നത്. മൈതാനത്തിന്റെ ശേഷിക്കുന്ന ഭാഗം മനോഹരമായ പാർക്കാണ്.
പാർക്കിലെ ചെടികൾക്കും പൂക്കൾക്കുമൊപ്പം അന്നത്തെ ഓർമകൾ സൂക്ഷിക്കുന്ന മരങ്ങളും ഇവിടെയുണ്ട്. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനിൽ നിന്ന് ഈ മൈതാനത്തേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടേക്ക്.