അത്യപൂര്‍വമായ ഒരു സംഭവത്തിനാണ് മുംബൈയിലെ രാം മന്ദിര്‍ സ്റ്റേഷന്‍ സാക്ഷിയായത്. ട്രെയിന്‍ യാത്രക്കിടെ പ്രസവവേദന വന്ന യുവതിയെ മനോധൈര്യത്താല്‍ സഹായിച്ച യുവാവ് സോഷ്യല്‍മീഡിയയിലെ ഹീറോയായി. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ട്രെയിനില്‍ സഹയാത്രികയായ ഗര്‍ഭിണിക്ക് അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിയ യുവാവ് ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചു. അതേസമയം തന്നെ പ്രസവത്തിനായുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് യുവാവ് മനസിലാക്കി. കുഞ്ഞ് പാതി അകത്തും പാതി പുറത്തുമെന്ന നിലയിലായിരുന്നു. യുവാവ് മറ്റൊന്നും ചിന്തിച്ചില്ല, യുവതിക്കടുത്തെത്തി സഹായിക്കാനൊരുങ്ങി.
ആദ്യം ഒരു ഡോക്ടറെ വിഡിയോകോളിലൂടെ വിളിച്ചു, ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് കാര്യങ്ങള്‍ അതേപടി ചെയ്തു, പിന്നാലെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ആ സമയത്തെ യുവാവിന്റെ ധൈര്യം അസാമാന്യമായിരുന്നുവെന്ന് ദൃക്സാക്ഷി സമൂഹമാധ്യമത്തില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ദൃക്സാക്ഷിയായ മൻജീത് ധില്ലൺ ആണ് സംഭവത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ചത്.
‘ധീരനാണ് ഈ മനുഷ്യന്‍, വാക്കുകള്‍ കൊണ്ട് ഇദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല, പുലർച്ചെ ഒരു മണിയോടെ രാം മന്ദിർ സ്റ്റേഷനിൽ വെച്ചാണ് ഗര്‍ഭിണിയെ ഇദ്ദേഹം ശ്രദ്ധിക്കുന്നത്, ഉടന്‍ തന്നെ ട്രെയിനിന്റെ എമർജൻസി ചങ്ങല വലിച്ചു നിർത്തി. കുഞ്ഞ് പകുതി പുറത്തും പകുതി ഉള്ളിലുമായിരുന്നു. ആ നിമിഷം, ദൈവം ഈ സഹോദരനെ അങ്ങോട്ട് അയച്ചതുപോലെ തോന്നി’യെന്നാണ് മന്‍ജീത് കുറിക്കുന്നത്.
ജീവിതത്തിൽ ആദ്യമായാണ് താന്‍ ഇങ്ങനൊരു കാര്യം ചെയ്യുന്നതെന്ന് കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ രക്ഷിച്ച ശേഷം യുവാവ് പറയുന്നു. എനിക്ക് വലിയ പേടിയുണ്ടായിരുന്നു, പക്ഷേ വീഡിയോ കോളിലൂടെ ഡോക്ടര്‍ എന്നെ സഹായിച്ചു. അതിനു ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചുവെന്നും രണ്ടു പേരുടേയും ജീവന്‍ രക്ഷിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ആണ്‍കുട്ടിയാണെന്നും നിറഞ്ഞ ചിരിയോടെ യുവാവ് പറയുന്നു. വികാസ് ഭദ്രെയെന്നാണ് തന്റെ പേരെന്നും ഇയാള്‍ ഒരാളുടെ ചോദ്യത്തിനു മറുപടിയായി പറയുന്നു. റെയില്‍വേ പൊലീസും യാത്രക്കാരുമുള്‍പ്പെടെ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഓടിയെത്തി.
നേരത്തെ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കിലും പ്രസവസമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്നാണ് വിവരം. കുറിപ്പ് കണ്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം വികാസിനെ അഭിനന്ദിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ധീരരായ മനുഷ്യരെ കാണാൻ പ്രയാസമാണെന്ന് ഒരാള്‍ കുറിക്കുന്നു. ഇദ്ദേഹത്തിന്റെ മനുഷ്യത്വത്തെ ബഹുമാനിക്കുന്നു, യൂണിഫോമില്ലാത്ത യഥാര്‍ത്ഥ ഹീറോ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.