Image Credit: Livescience.com

Image Credit: Livescience.com

അടിവയറിനുള്ളില്‍ ബലൂണ്‍ പോലെ വീര്‍ത്ത് വരുന്നൊരു മുഴയുമായാണ് ഡല്‍ഹി സ്വദേശിയായ യുവതി ആശുപത്രിയില്‍ എത്തിയത്. വയറ്റിലെ 'ബലൂണ്‍ സിസ്റ്റ്' കാരണം കടുത്ത വേദന തിന്നാണ് നാലുവര്‍ഷത്തോളം യുവതി ജീവിച്ചത്. എന്നാല്‍ സിടി സ്കാന്‍ പരിശോധനയിലെ ഫലം ഡോക്ടര്‍മാരെ പോലും ‍ഞെട്ടിച്ചുകളഞ്ഞുവെന്നതാണ് വാസ്തവം. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് വച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറിനുള്ളില്‍ സര്‍ജിക്കല്‍ സ്പോഞ്ച് വച്ച് ഡോക്ടര്‍മാര്‍ മറക്കുകയായിരുന്നു. ഉള്ളില്‍ സ്പോഞ്ച് വച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ തന്നെ അടിവയറിന്‍റെ വലത്തേ സൈഡിലായി നല്ല വേദനയുള്ളത് യുവതി ശ്രദ്ധിച്ചു. ഇത് അറിയിച്ചപ്പോള്‍, ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെയാണെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കി അയയ്ക്കുകയും ചെയ്തു. എന്നാല്‍ ക്രമേണെ ഇത് മുഴ പോലെ രൂപാന്തരപ്പെടുകയും യുവതിക്ക് വേദന അസഹ്യമാവുകയുമായിരുന്നു.  

നാല് വര്‍ഷമായിട്ടും വേദന മാറാതായതോടെ യുവതി ആശുപത്രിയിലെത്തി. അള്‍ട്രാസൗണ്ടും സിടി സ്കാനും ചെയ്തപ്പോഴാണ്  വയറിനുള്ളില്‍ സിസ്റ്റ് കണ്ടെത്തിയത്.എന്നാല്‍ സിസ്റ്റിന്‍റെ ഉള്ളിലെന്താണെന്ന് തിരിച്ചറിയാനുമായില്ല. വയറില്‍ വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്ന തരം മുഴയാണെന്നായിരുന്നു പ്രാഥമിക നിഗമനം. 

ഉള്ളിലെന്താണെന്ന് കൃത്യമായി കണ്ടെത്തുന്നതിനായി യുവതിയെ എംആര്‍ഐയ്ക്ക് വിധേയയാക്കി. ഇതും ഫലപ്രദമാകാതെ വന്നതോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സങ്കീര്‍ണത കണക്കിലെടുത്ത് ചെറുകുടലിന്‍റെ കുറച്ച് ഭാഗം ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് 20 സെന്‍റീമീറ്റര്‍ നീളവും അഞ്ച് സെന്‍റീമീറ്റര്‍ വീതിയുമുള്ള സ്പോഞ്ച് കണ്ടെത്തിയത്. ഒരിക്കലും സംഭവിച്ചു കൂടാത്ത പിഴവാണ് ഡോക്ടര്‍മാര്‍ക്കുണ്ടായത്. സാധാരണയായി സര്‍ജറിയില്‍ ഉപയോഗിച്ച സ്പോഞ്ച് രക്തം കലര്‍ന്നതാകുമെന്നും അതുകൊണ്ട് തന്നെ മുറിവുണ്ടാക്കിയ ഭാഗം തുന്നിക്കൂട്ടുമ്പോള്‍ ശരീരത്തിലെ മാംസമായി തെറ്റിദ്ധരിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ENGLISH SUMMARY:

Surgical sponge forgotten in a young woman's abdomen during childbirth surgery abroad caused four years of agony. What was thought to be a cyst was a shocking medical blunder.