donald-trump-pakistan-deal

TOPICS COVERED

'ഡോണള്‍ഡ് ട്രംപ്, പതിമൂന്നാം വാര്‍ഡ്, ബക്കര്‍പുര്‍ പി.ഒ മൊഹിയുദ്ദീന്‍ നഗര്‍, സമസ്തിപുര്‍– ബിഹാര്‍'....താമസ സര്‍ട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷ കണ്ട് ഉദ്യോഗസ്ഥന്‍ ഒന്ന് ഞെട്ടി. ഇത് അമേരിക്കന്‍ പ്രസിഡന്‍റല്ലേ!...ജൂലൈ 29നാണ് ട്രംപിന്‍റെ പേരില്‍ അജ്ഞാതന്‍ 'വ്യാജ' അപേക്ഷ സമര്‍പ്പിച്ചത്.  പേരും പാസ്പോര്‍ട് സൈസ് ഫൊട്ടോയും ട്രംപിന്‍റേത് തന്നെ.. പിന്നാലെ ആധാര്‍ നമ്പറും മേല്‍വിലാസവുമെല്ലാം പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥന്‍ വ്യാജനെ കയ്യോടെ ചവറ്റുകൊട്ടയിട്ടു. സര്‍ക്കാര്‍ സംവിധാനത്തെ പരിഹസിക്കുന്നതിനായി ആരോ ബോധപൂര്‍വം നടത്തിയ ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. 

ഐടി നിയമം അനുസരിച്ച് ഗുരുതരമായ കുറ്റമാണിതെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൊഹിയുദ്ദീന്‍ നഗര്‍  സര്‍ക്കിള്‍ ഓഫിസര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐപി അഡ്രസ് ട്രാക്ക് ചെയ്യുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിഹാറില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വാര്‍ത്തകള്‍ അടിക്കടി പുറത്തുവരുന്നതിനിടെയാണ് ട്രംപിന്‍റെ 'താമസ സര്‍ട്ടിഫിക്കറ്റി'നുള്ള അപേക്ഷയും വൈറലാകുന്നത്. 'ഡോഗ് ബാബു', 'നിതീഷ് കുമാരി', 'സൊനാലിക ട്രാക്ടര്‍ ' എന്നീ പേരുകളില്‍ പട്ന, ഈസ്റ്റ് ചമ്പാരന്‍, നളന്ദ ജില്ലകളില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകള്‍ എത്തിയിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിക്കടി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Donald Trump's name appeared on a fake residence certificate application in Bihar, stunning officials. This bizarre incident, suspected to be a government system spoof, has led to a cyber police investigation for IT law violations.