TOPICS COVERED

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കണമെന്നും സെറ്റുകളില്‍ ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് സിനിമാ നയ രൂപീകരണത്തിന്‍റെ കരട്. പ്രതികരിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാവണം. പ്രതികാര നടപടികളില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കണമെന്നും തിരുവനന്തപുരത്തെ സിനിമാ കോണ്‍ക്ലേവിന്‍റെ ഭാഗമായി അവതരിപ്പിച്ച കരടില്‍ പറയുന്നു. 

സിനിമ സെറ്റുകളില്‍ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കണം. വിവേചനം, അധികാര ദുര്‍വിനിയോഗം എന്നിവ നിരോധിക്കണം. സുരക്ഷിതമായ താമസസൗകര്യങ്ങളും വിശ്രമ മുറികളും ഒരുക്കണം. സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കണം. തുറന്ന് പറച്ചിലിന്‍റെ ഭാഗമായുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം. പ്രഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണം. പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. 

കാസ്റ്റിങ് കൗച്ച് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. അധികാര ശ്രേണികള്‍ ഇല്ലാതാക്കണം. എല്ലാ സംഘടനകള്‍ക്കും ഏകീകൃത പെരുമാറ്റച്ചട്ടം വേണം. സിനിമ സെറ്റുകളില്‍ ലൈംഗികാതിക്രമ പ്രതിരോധ നിയമം ശരിയായി നടപ്പാക്കണം. കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. സെറ്റുകളില്‍ ലഹരി ഉപയോഗം തടയാനും ലഹരി വഴി ഒഴിവാക്കി താരങ്ങളെ തിരികെ എത്തിക്കാനുള്ള വഴികളും ഏര്‍പ്പെടുത്തണം.

ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ തടയാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. സൈബര്‍ പൊലീസിന് കീഴില്‍ ആന്‍റി പൈറസി പ്രത്യേക സെല്‍ തുടങ്ങണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. വിവിധ സംഘടനകളുമായി നയരൂപീകരണസമിതി നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് കരടിന് രൂപം നല്‍കിയത്. സിനിമാ നയരൂപീകരണ ചര്‍ച്ചയില്‍ വിശദമായ അഭിപ്രായ സമന്വയത്തിന് ശേഷം കരടിന് അന്തിമരൂപം നല്‍കും.