ഒരു കൂട്ടം ആളുകള്‍ ഒരു ടിടിഇയെ പൊതിഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കാണ്‍പൂര്‍ സെൻട്രൽ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ലേഡിസ് കോച്ചില്‍ കയറിയ ഒരു യാത്രക്കാരനെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ പിടികൂടിയതായിരുന്നു. പിന്നാലെ ഇരുവരും സ്റ്റേഷനിലേക്ക് ഇറങ്ങുകയും പരസ്പരം തര്‍ക്കമാവുകയും പിന്നാലെ വലിയ അടിയാവുകയായിരുന്നു.
സൂറത്തിൽ നിന്ന് മുസാഫർപൂരിലേക്കുള്ള ഒരു പ്രത്യേക ട്രെയിനിൽ 15 മുതൽ 20 വരെ യുവാക്കൾ യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക് വച്ച് ഇവരില്‍ ചിലര്‍ സ്ത്രീകളുടെ കോച്ചിലേക്ക് ബലമായി കയറാന്‍ ശ്രമിച്ചു. ഇത് കോച്ചിലുണ്ടായിരുന്ന ടിടിഇ തടഞ്ഞു. പിന്നാലെ തകര്‍ക്കം രൂക്ഷമായി. ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടിടിഇയും എത്തിച്ചേരുകയും ഇരുവരും കൂടി യാത്രക്കാരനെ സ്റ്റേഷനിൽ ഇറക്കി. പിന്നാലെ ടിടിഇ യാത്രക്കാരന്‍റെ മുഖത്ത് അടിക്കുകയും തന്നെ തല്ലരുതെന്ന് യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.
പിന്നാലെ ഇയാളുടെ കൂടെയുണ്ടായിരുന്നവരും സ്റ്റേഷിലേക്ക് എത്തുകയും ടിടിഇയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഘര്‍ഷം രൂക്ഷമായതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്ഥലത്തെത്തി രാജ യാദവ് എന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, യാത്രക്കാരനെ മര്‍ദ്ദിച്ച ടിടിഇയ്ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.