മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കള്ളപ്പരാതികള്‍ നല്‍കി കേസെടുപ്പിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സുപ്രീം കോടതിയുടെ പ്രഹരം. മുന്‍ ഭര്‍ത്താവിനോടും കുടുംബത്തിനോടും പരസ്യമായി നിരുപാധികം മാപ്പുപറയാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസുകളില്‍ ഭര്‍ത്താവിനും കുടുംബത്തിനുമുണ്ടായ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയും ജസ്റ്റിസ് എ.ജി. മാസിഹുമടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്.
2018ലാണ് ഐ.പി.എസ് ഉദ്യോഗസ്ഥയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരഞ്ഞത്. പിന്നാലെ ഗുരുതര കുറ്റങ്ങൾ ചുമത്തി ഐ.പി.എസ് ഉദ്യോഗസ്ഥ ഫയൽ ചെയ്ത ക്രിമിനൽ കേസുകളിൽ മുന്‍ ഭർത്താവിനെ 109 ദിവസം ജയിലിടച്ചു. ഭര്‍തൃ പിതാവിന് 103 ദിവസവും ജയിലില്‍ കഴിഞ്ഞു. അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനോ നഷ്ടപരിഹാരം നൽകാനോ കഴിയില്ലെന്നുപറഞ്ഞ സുപ്രീം കോടതി പൊതു ക്ഷമാപണത്തെ ധാർമ്മിക പരിഹാരമായാണ് നിരീക്ഷിച്ചത്. എല്ലാ കേസുകളും സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
ഐ.പി.എസ് ഉദ്യോഗസ്ഥയും മാതാപിതാക്കളും മുന്‍ ഭർത്താവിനോടും കുടുംബാംഗങ്ങളോടും നിരുപാധികമായ ക്ഷമാപണം നടത്തണമെന്നു മാത്രമല്ല, ക്ഷമാപണം ഓരോ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളുടെ ദേശിയ എഡിഷനില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങളിലും ക്ഷമാപണം പ്രചരിപ്പിക്കണം. മൂന്നുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. തീര്‍ന്നില്ല, ക്ഷമാപണക്കുറിപ്പ് തയ്യാറേക്കണ്ടതിന്‍റെ കൃത്യമായ മാതൃകയും നിര്‍ദേശിച്ചു.
മുന്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ ആറ് ക്രിമിനൽ കേസുകളാണ് ഐ.പി.എസ് ഉദ്യോഗസ്ഥ ഫയൽ ചെയ്തിരുന്നത്. ഗാർഹിക പീഡനം, വധശ്രമം, ബലാത്സംഗം, ക്രിമിനൽ വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു കേസുകള്‍. വിവാഹമോചനത്തിനും ജീവനാംശത്തിനുമായി കുടുംബ കോടതിയിലും ഭാര്യ പരാതി നല്‍കി. ഭർത്താവും വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇരുവരും പരസ്പരം നല്‍കിയ കേസുകള്‍ സ്വന്തം സ്ഥലങ്ങളിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്കെത്തിയത്.
ഐപിഎസ് ഓഫീസർ എന്ന നിലയിലെ പദവിയോ അധികാരമോ, ഭാവിയിൽ വഹിക്കുന്ന മറ്റേതെങ്കിലും പദവിയോ മുന്‍ഭര്‍ത്താവിനും കുടുംബത്തിനുമെതിര നടപടിക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സഹപ്രവർത്തകരോ മേലുദ്യോഗസ്ഥരോ പരിചയക്കാരോ മുഖേനയും പ്രതികാര നടപടികള്‍ പാടില്ല. ഭർത്താവിനും കുടുംബത്തിനും ഏതെങ്കിലും വിധത്തിൽ ശാരീരികമോ മാനസികമോ ആയ പരിക്കുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയുമുണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചു.
ക്ഷമാപണം ഇപ്പോഴോ ഭാവിയിലോ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കരുതെന്ന് ഹര്‍ജിക്കാരനും കുടുംബത്തിനും കോടതി മുന്നറിയിപ്പ് നൽകി. നിര്‍ദേശം ലംഘിച്ചാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കും. വിവാഹം അസാധുവാക്കിയശേഷമാണ് കോടതി കേസുകള്‍ റദ്ദാക്കിയത്.