ഹിമാചൽ പ്രദേശിലെ ഹാട്ടി സമൂഹത്തിൽ നടന്ന ഒരു കല്യാണമാണ് ഇപ്പോള്‍ വൈറല്‍. ഹിമാചൽ പ്രദേശിലെ ഷില്ലായി ഗ്രാമത്തിലാണ് സംഭവം. ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവരാണ് സുനിത ചൗഹാനെ വധുവാക്കിയത്. ഹാട്ടി സമൂഹത്തിൽ പെടുന്നവരാണ് ഇവർ. ഇവരുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് സഹോദരങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുന്നത്.
കുറച്ചു കാലങ്ങളായി ഈ ആചാരം ആരും അധികം പിന്തുടരുന്നില്ല. അതിനാൽ തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം വലിയ ശ്രദ്ധയാണ് നേടിയത്. രണ്ട് കുടുംബങ്ങളുടെയും, വരൻമാരുടേയും, വധുവിന്റെയും, സമുദായത്തിന്റെയും സമ്മതത്തോടും എല്ലാവരുടെയും പങ്കാളിത്തത്തോടെയും തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.
മൂത്ത സഹോദരനായ പ്രദീപ് ജൽശക്തി വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപിൽ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. വിവാഹത്തെ കുറിച്ച് പറയുമ്പോൾ സഹോദരങ്ങൾ പറയുന്നത് ഇത് എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് എന്നാണ്. അതേസമയം, പൂർവിക സ്വത്ത് വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരം ആചാരങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.