പ്രതീകാത്മക ചിത്രം: Meta AI

  • 86 രാജ്യങ്ങളിലായി 10,152 പേര്‍
  • ഏറ്റവുമധികം പേര്‍ സൗദി അറേബ്യയിലെ ജയിലുകളില്‍
  • വധശിക്ഷ കാത്തുകഴിയുന്നത് 49 പേര്‍

യെമനില്‍ വധശിക്ഷകാത്ത് കഴിയുന്ന മലയാളിയായ നിമിഷപ്രിയയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ചുറ്റും. വിദേശത്തെ ജയിലുകളില്‍ വധശിക്ഷയും കഠിനശിക്ഷകളും അനുഭവിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. ഗള്‍ഫ് നാടുകളിലടക്കം 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നു. മാര്‍ച്ചില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റില്‍ വച്ച് ഔദ്യോഗിക കണക്കാണിത്. എന്നാല്‍ ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍  വിവിധരാജ്യങ്ങളിലെ ജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്. 2633 പേര്‍. 

വിദേശ ജയിലുകളുടെ ഇന്ത്യക്കാരുടെ എണ്ണം (അവലംബം: 2025 മാര്‍ച്ച് 20ന് MEA പാര്‍ലമെന്‍റില്‍ നല്‍കിയ വിവരം)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍: 49

​വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിവിധ രാജ്യങ്ങളിലായി കഴിയുന്നത് 49 ഇന്ത്യക്കാരാണ്. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് വിശദമായ കണക്ക് മാര്‍ച്ച് 20ന് വിദേശകാര്യമന്ത്രാലയം സമര്‍പ്പിച്ചത്. ഇതുപ്രകാരം യുഎഇയില്‍ മാത്രം 25 ഇന്ത്യക്കാരും സൗദിയില്‍ 11 ഇന്ത്യക്കാരും വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. കണക്കുകള്‍ ഇങ്ങനെ.

യുഎഇ                             25 

സൗദിഅറേബ്യ         11                   

മലേഷ്യ                            6

കുവൈത്ത്                     3

ഇന്തൊനീഷ്യ, ഖത്തര്‍, യുഎസ്എ, യെമന്‍     1    വീതം

ഒടുവിലെ വധശിക്ഷ യുഎഇയില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ നടപ്പാക്കിയിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞതാണ് മൂവരും. കുവൈത്തിലും സൗദിഅറേബ്യയിലും മൂന്നുവീതവും സിംബാബ്‍വേയില്‍ ഒരാളെയുമുള്‍പ്പെടെ ഏഴുപേര്‍ക്കും കഴിഞ്ഞവര്‍ഷം വധശിക്ഷ നടപ്പാക്കി. കൊലപാതകം, അക്രമം, ലഹരിമരുന്ന് ഉപയോഗം, ഭീകരബന്ധങ്ങള്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായാണ് ഇന്ത്യക്കാര്‍ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. 

ENGLISH SUMMARY:

Amidst news of Nimisha Priya's death sentence in Yemen, India's MEA reports 10,152 Indians are in jails across 86 foreign countries, mostly in the Gulf. Saudi Arabia holds the highest number with 2,633 prisoners.