ലണ്ടനിലെ പാക്കിസ്ഥാനികളുടെ ഉപദ്രവം സഹിക്കവയ്യാതെ പ്രശസ്ത ഇന്ത്യന്‍ റസ്റ്റോറന്റായ ‘റംഗ്‌രേസ്’ അടച്ചുപൂട്ടുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉടമ ഹര്‍മന്‍സിങ് കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 16വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഹര്‍മന്‍സിങ് എത്തിയത്. ചിലവ് കൂടുന്നതും പാക്കിസ്ഥാനികളുടെ ഓണ്‍ലൈനിലൂടെയുള്ള ഉപദ്രവവും താങ്ങാനാവുന്നില്ലെന്നും മനപൂര്‍വം റേറ്റിങ് ഉള്‍പ്പെടെ മോശമായി നല്‍കി തന്നെ ഇല്ലാതാക്കുകയാണെന്നും സിങ് പറഞ്ഞിരുന്നു.
ഇത്തരം അനുഭവങ്ങളില്‍ തളര്‍ന്ന് മോശം തീരുമാനമെടുക്കരുതെന്ന് പലരും നിര്‍േദശിച്ചെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ഭക്ഷണത്തെക്കുറിച്ചും ചില മോശം കമന്റുകള്‍ പോസ്റ്റിനു താഴെ വരുന്നുണ്ട്, എന്നാല്‍ ഇതെല്ലാം പാക്കിസ്ഥാന്‍ വംശജരുടെ ഭാഗത്തുനിന്നാണെന്ന് സിങ് അവകാശപ്പെടുന്നു. യുകെ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്നും സിങ് വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ആക്രമണം മാത്രമല്ല മുന്‍പും ഹര്‍മന് നേരെയും വാഹനത്തിനു നേരെയും അക്രമം ഉണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ പോസ്റ്റിനു പിന്നാലെ ഹര്‍മന്‍സിങ് മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും വലിയ വിവാദമായി മാറുകയാണ്. തന്റെ റസ്റ്റോറന്റില്‍ ഹലാല്‍ മാംസം വില്‍ക്കാത്തതിനാലാണ് മുസ്‌ലിംകള്‍ തന്നെ ലക്ഷ്യംവയ്ക്കുന്നതെന്നായിരുന്നു സിങ് പറഞ്ഞത്. തന്റെ ബിസിനസ് തകർന്നതിൽ ആശങ്കയില്ലെന്നും റെസ്റ്റോറന്റ് സ്വയം പൂട്ടാൻ തീരുമാനിച്ചതാണെന്നും ഇനി മുഴുവൻസമയം പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധ വയ്ക്കുമെന്നും സിങ് പറയുന്നു.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെയും കടുത്ത വാക്കുകളാണ് സിങ് പ്രയോഗിച്ചത്. ലണ്ടനില്‍ പാക്കിസ്ഥാനികള്‍ ആധിപത്യം നടത്താന്‍ കാരണം ലണ്ടന്‍ മേയറാണെന്നും സിങ് ആരോപിക്കുന്നു. ഹലാല്‍ മാംസം വിളമ്പാത്തത്തില്‍ അഭിമാനിക്കുന്നുവെന്നും യുകെയില്‍ ഹലാല്‍ നിരോധിക്കണമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ സംസാരിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതിലൂടെ നേരത്തേയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളയാളാണ് സിങ്. ഇതിന്റെ പേരില്‍ 2023ല്‍ വാഹനത്തിനു നേരെ വെടിവപ്പുണ്ടായിട്ടുണ്ട്. നേരത്തേ യുകെയിലും ഒസ്ട്രേലിയയിലും ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ആവശ്യപ്പെടുന്നൊരു വിഡിയോയും വിവാദമായിട്ടുണ്ട്.