ഏഷ്യയിലെ തന്നെ ഏറ്റവും വൈവിധ്യമേറിയ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. 75 ശതമാനം ചൈനീസ് വംശജരും, 15 ശതമാനം മലായ് വംശജരും 7 മുതല്‍ 9 ശതമാനം വരെ ഇന്ത്യന്‍ വംശജരും അടങ്ങുന്നതാണ് സിംഗപ്പൂരിന്‍റെ ജനസംഖ്യ. വ്യത്യസ്തമായ ഈ ജനവിഭാഗങ്ങളില്‍ വംശീയ പ്രശ്നങ്ങള്‍ തടയാന്‍ ശക്തമായ നടപടിയാണ് സിംഗപ്പൂര്‍ ഭരണകൂടം സ്വീകരിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യന്‍ വംശജരെ ലക്ഷ്യംവച്ച് വംശീയ വെറി പ്രചരിപ്പിക്കുന്ന പോസ്റ്റുകളോ കണ്ടന്‍റുകളോ പ്രചരിപ്പിക്കുന്നതില്‍ നിന്നും സമൂഹമാധ്യമങ്ങളെ വിലക്കുകയാണ് സിംഗപ്പൂര്‍ എന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ത്യക്കാര്‍ സിംഗപ്പൂര്‍ കയ്യടക്കുമെന്ന തരത്തിലുള്ള പോസ്റ്റുകള്‍ വരുന്നത് രാജ്യത്തില്‍ നിന്നല്ല മറിച്ച് ചൈനയില്‍ നിന്നാണെന്നാണ് അധികൃതരുടെ നിഗമനം.
യുട്യൂബ്, ഫെയസ്ബുക്ക്, എക്സ് എന്നീ പ്ലാറ്റ്ഫോമുകളോട് ഇതിനോടകം തന്നെ ഇന്ത്യക്കാര്‍ക്കെതിരായ പ്രചാരണങ്ങള്‍ തടയാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രചരിക്കുന്ന വിഡിയോകള്‍ സിംഗപ്പൂരിന്‍റെ ബഹുസ്വരതയെ ആക്രമിക്കുന്നു, വംശീയതയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും തുല്യ സ്ഥാനം നല്‍കുന്നതും എല്ലാ സമൂഹങ്ങളെയും വിലമതിക്കുന്നതുമായ നയമാണ് സിംഗപ്പൂര്‍ ഭരണകൂടത്തിനുള്ളതെന്ന് ആഭ്യന്തരമന്ത്രി എഡ്വിന്‍ ടോങ് പറയുന്നത്.