Image Credit: instagram/saassheikh
കലയും സംഗീതവും അതിര്‍ത്തികള്‍ ഭേദിക്കുന്നതാണെന്നും അത് സ്നേഹത്തിന്‍റെ ഭാഷയാണ് സംസാരിക്കുന്നതെന്നും ആര്‍ക്കാണറിയാത്തത്? പ്രിയപ്പെട്ട സംവിധായകനും സംഗീതജ്ഞനെയും കാണാന്‍ അതിര്‍ത്തിയിലേക്ക് ഓടിയെത്തിയ പാക് ആരാധകനും അതുതന്നെയാണ് പറയുന്നത്. മേം വാപസ് ആവൂംഗയുടെ പ്രമോഷന്‍ പരിപാടിക്കായി വാഗ–അഠാരി അതിര്‍ത്തിയിലെത്തിയതായിരുന്നു സംവിധായകന്‍ ഇംതിയാസ് അലിയും എ.ആര്‍.റഹ്മാനും. ഇരുവരെയും കാണാനാണ് സാദ് ഷെയ്ഖ് എന്ന കട്ടഫാന്‍ എത്തിയത്.
'ജയ് ഹോ– എ മ്യൂസിക് സല്യൂട്ട് ടു ബ്രേവ് ഹാര്‍ട്സ് ' എന്നാണ് പരിപാടിക്ക് പേരിട്ടിരുന്നത്. ബീറ്റിങ് റിട്രീറ്റിനിടെ അതിര്‍ത്തിയില്‍ ഇതാദ്യമായാണ് റഹ്മാന്‍ ലൈവ് പെര്‍ഫോമന്‍സ് നടത്തുന്നത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും പരിപാടി കാണാന്‍ ആരാധകരെത്തി. 'ഇംതിയാസ് അലിയും റഹ്മാനും അതിര്‍ത്തിയിലെത്തുന്നുവെന്ന വാര്‍ത്ത കണ്ട് ലഹോറില്‍ നിന്ന് ഓടി വന്നതാണ്. 20 മിനിറ്റേ ആകെ പരിപാടിയുണ്ടായിരുന്നുള്ളൂ. പക്ഷേ ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ച രണ്ട് കലാകാരന്‍മാരെ നേരില്‍ കാണുന്നതിന് അത് ധാരാളമായിരുന്നു' സാദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതിര്‍ത്തിയിലേക്കുള്ള തന്‍റെയീ വരവ് ഏറെ വൈകാരികമായിരുന്നുവെന്ന് സാദ് കുറിക്കുന്നു. 2004ലാണ് സാദ് അവസാനമായി അതിര്‍ത്തിയില്‍ എത്തിയത്. മുനുഷ്യര്‍ തമ്മില്‍ ശത്രുത പ്രഖ്യാപിക്കുന്നയിടത്താണ് അതിര്‍ത്തികള്‍ ഉയരുന്നതെന്നാണ് സാദ് പറയുന്നത്. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും പഞ്ചാബി വേരുകള്‍ ഉള്ള, ഒരേ ഭാഷയും സംസ്കാരവും ഉള്ള മനുഷ്യരാണെന്നും അദ്ദേഹം കുറിച്ചു.
'അതിര്‍ത്തിയിലെ സീറോ പോയിന്‍റിലേക്ക് ഞാനെത്തി. അവിടെയാണ് ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും കാണുന്നത്. കാണാം, മിണ്ടാം, സലാം കൊടുക്കാം പക്ഷേ തൊടാന്‍ പാടില്ല. ആ വെളുത്തു ചുരുണ്ട മുടി കണ്ടതും സന്തോഷം കൊണ്ട് ഇംതിയാസ് എന്ന് ഞാനുറക്കെ വിളിച്ചു. ഒരു സെക്കന്‍റ് നേരം അദ്ദേഹം തിരിഞ്ഞുനോക്കിയെന്നാണ് എനിക്ക് തോന്നിയത്' സാദ് കുറിച്ചു. ആരാധകരുമായി സംവദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രത്തില്‍ ദില്‍ജിത് ദൊഷാന്‍, വേദാങ് റെയ്ന, സര്‍വശ്രീ, നസറുദ്ദീന്‍ ഷാ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മേം വാപസ് ആവൂംഗ ജൂണ്‍ 12ന് തിയറ്ററുകളിലെത്തും.