TOPICS COVERED

 നല്ല വീതിയുള്ള പുതുപുത്തന്‍ റോഡ്, കുഴികളില്ല, കിടങ്ങുകളില്ല, സ്മൂത്ത് ഡ്രൈവിങ്, റോഡിനിരുവശത്തും നട്ടുവളര്‍ത്തിയ ചെടികളും മരങ്ങളും..ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നൊരു യാത്ര, എന്നാല്‍ ഈ മരങ്ങള്‍ റോഡിന്‍റെ നടുക്കാണെങ്കിലോ, ഒത്ത നടുക്കാണോ എന്നു ചോദിച്ചാല്‍ അല്ല, അവിടവിടയായി ചാഞ്ഞും ചരിഞ്ഞും ഞെളിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍, ഇതിനിടെയിലൂടെ വേണം വണ്ടിയോടിക്കാന്‍, ഡ്രൈവര്‍ക്ക് അതിവൈദഗ്ധ്യം അനിവാര്യം.

ഈ അതിമനോഹരമായ റോഡ് ബിഹാറിലാണ്. തലസ്ഥാനമായ പാറ്റ്നയില്‍ നിന്നും 50കിമീ മാറി ജെഹാനാബാദിലാണ് 100കോടി മുടക്കി നിര്‍മിച്ച 7.48കിമീ നീളത്തിലുള്ള രസികന്‍ റോഡ്. പ്രകൃതിയോടിണങ്ങി നിര്‍മിച്ച റോഡെന്ന് വേണമെങ്കില്‍ പറയാം, മരങ്ങള്‍ക്കിടയിലൂടെയാണ് നിര്‍മിതി, ഗെയിം കളിക്കുന്ന പോലെ വേണം മുന്നോട്ട് നീങ്ങാന്‍, പ്രതിബന്ധങ്ങളെയെല്ലാം മറികടക്കണം, ചിലപ്പോള്‍ ലൈഫ്‌ ലൈന്‍ വേണ്ടിവരും. എന്തായാലും റോഡ് നിര്‍മാണത്തിനെത്തിരെ പ്രതിഷേധം പുകയുകയാണ്.

ഒറ്റരാത്രി കൊണ്ടുവളര്‍ന്ന മരങ്ങളല്ല ഇത്, പിന്നെ എന്താണിവിടെ സംഭവിച്ചതെന്നാണ് ഉയരുന്ന ചോദ്യം. ജില്ലാ ഭരണകൂടം 100 കോടി രൂപ ചെലവഴിച്ച് റോഡ് വീതി വർദ്ധിപ്പിക്കൽ പദ്ധതി ഏറ്റെടുത്തപ്പോൾ, അവർ വനംവകുപ്പിനെ സമീപിച്ച് മരങ്ങൾ നീക്കുന്നതിനുള്ള അനുമതി തേടി. പക്ഷേ, ഭരണകൂടത്തിന്‍റെ ആവശ്യം വനംവകുപ്പ് നിരസിച്ചു. കൂടാതെ 14 ഹെക്ടര്‍ ഭൂമിക്ക് നഷ്ടപരിഹാരവും ചോദിച്ചു. എന്നാൽ, ജില്ലാഭരണകൂടത്തിന് ഈ ആവശ്യം നിറവേറ്റാൻ സാധിക്കാതെ വന്നതോടെ അപൂർവ്വമായൊരു തീരുമാനം എടുത്തു – മരങ്ങളെ ചുറ്റി റോഡ് നിർമ്മിച്ചു. എന്തായാലും വല്ലാത്തൊരു ചുറ്റല്‍ ആയിപ്പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മരങ്ങള്‍ നേര്‍വരിയിലായിരുന്നെങ്കില്‍ അല്‍പം കൂടി ജനോപകാരപ്രദമായ രീതിയില്‍ റോഡ് നിര്‍മിക്കാമായിരുന്നു. എന്തായിലും ഈ പാതയിലൂടെയുള്ള യാത്ര സര്‍ക്കസാണെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡില്‍ ഇതിനോടകം ഒട്ടേറെ അപകടങ്ങളും സംഭവിച്ചു. പക്ഷേ പോംവഴിയൊന്നും ജില്ലാഭരണകൂടം തേടുന്നില്ല. യാത്രക്കാരുടെ ജീവന്‍ നഷ്ടമാകുന്ന രീതിയില്‍ വലിയൊരു അപകടമുണ്ടായാല്‍ ആര് ഉത്തരം പറയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ENGLISH SUMMARY:

A wide, brand-new road, no potholes, no bumps, smooth driving, with plants and trees planted along both sides— just thinking about such a journey brings joy. But what if these trees stand in the middle of the road? And not even in a neat, straight line, but leaning, tilting, and scattered here and there. One has to drive weaving through them, requiring great skill from the driver