മുംബൈ നഗരത്തിലെ ഒറ്റമുറിയിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സ്വയം വരിച്ച ഏകാന്ത വാസത്തിൽ മലയാളി ടെക്കി ജീവിച്ചത് മൂന്നു വർഷം. ഏകാന്തതയും വിഷാദവും കൂടുകൂട്ടിയ ജീവിതവുമായാണ് അനൂപ് കുമാര്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ഈ കാലം കഴിച്ചുകൂട്ടിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങുന്നത് മാത്രമാണ് പുറംലോകവുമായി അനൂപിനുണ്ടായിരുന്ന ആകെയുള്ള ബന്ധം.
ഉന്നത ഉദ്യോഗസ്ഥരായിരുന്നു അനൂപിന്‍റെ മാതാപിതാക്കൾ. 20 വർഷം മുമ്പുള്ള സഹോദരന്‍റെ ആത്മഹത്യയും അപ്രതീക്ഷിതമായ മാതാപിതാക്കളുടെ മരണവും വിഷാദ രോഗത്തിന് അടിമയാക്കി. അതോടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്ന അനൂപിന്‍റെ ജീവിതം ഫ്ലാറ്റില്‍ ഒതുങ്ങി. കഴിഞ്ഞ മൂന്നുവർഷമായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ല.
അനൂപ് കുമാറിന്‍റെ ദുരിത ജീവിതത്തെക്കുറിച്ച് അതേ ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സീല്‍ എന്ന മലയാളി സംഘടനയിലെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷിച്ചത്. ഈ സമയത്ത് കാലില്‍ അണുബാധ ഉണ്ടായിരുന്നു.
താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ നിലയിലായിരുന്നു. അനൂപിന്‍റെ അവസ്ഥ മനസ്സിലാക്കി, വീട്ടിലെ മിക്ക ഫര്‍ണിച്ചറുകളും ആരോ എടുത്തുകൊണ്ടുപോയി. ആകെയുള്ളത് അനൂപിരിക്കുന്ന ഈ കസേര മാത്രം. മൂന്നര വർഷം അനൂപ് ഉറങ്ങിയത് ഈ കസേരയിൽ ഇരുന്നാണ്. ഫ്ലാറ്റിന് പുറത്തുവരാൻ വിസമ്മതിച്ച അനൂപിനെ നിർബന്ധിച്ച് പന്‍വേലിലെ സീല്‍ ആശ്രമത്തിലേക്ക് മാറ്റി. അനൂപ് ഇന്ന് സന്തോഷവാനാണ്. കൈവിട്ടുപോയ ജീവിതം തിരികെ ലഭിച്ചതിലുള്ള പുഞ്ചിരി ഉണ്ട് ഇന്ന് ഈ മുഖത്ത്.