Dowry-Death

സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനി റിധന്യ ആണ് മരിച്ചത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് റിധന്യ ജീവനൊടുക്കിയതെന്നാണു വിവരം. ഞായറാഴ്ച ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കാറിൽ പോയ റിധന്യ വഴിയോരത്ത് വാഹനം നിർത്തി കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനം വിവരിച്ച് ജീവനൊടുക്കുന്നതിനു മുൻപ് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റിധന്യ പറയുന്നുണ്ട്.

‘എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് അറിയില്ല. ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്നും പലരും പറയുന്നു. എന്റെ കഷ്ടപ്പാട് അവർക്ക് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഇത് ഇങ്ങനെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛൻ എന്റെ പ്രതീക്ഷയായിരുന്നു. ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.’ ശബ്ദസന്ദേശത്തിൽ റിധന്യ പറഞ്ഞു.

ഈ വർഷം ഏപ്രിലിലായിരുന്നു 28 വയസ്സുകാരൻ കവിൻ കുമാറുമായി റിധന്യയുടെ വിവാഹം. 100 പവൻ സ്വർണവും 70 ലക്ഷം വിലവരുന്ന ആഡംബര കാറും ആണ് മാതാപിതാക്കൾ വിവാഹസമ്മാനമായി നൽകിയത്. സംഭവത്തിൽ റിധന്യയുടെ ഭർത്താവ് കവിൻ കുമാർ, മാതാപിതാക്കളായ ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

A newlywed woman in Tiruppur, Tamil Nadu, identified as Ridhanya, died by suicide due to alleged dowry harassment. She reportedly consumed pesticide tablets after stopping her car on the roadside, having told her family she was going to a temple. Before her death, Ridhanya sent a voice message to her father, Annadurai, describing physical abuse from her husband and mental harassment from her in-laws, stating she did not wish to be a burden to her parents. Her family alleges that despite receiving 100 sovereigns of gold and a car worth 70 lakhs as dowry, the husband and his family continued to torment her, claiming it wasn't enough.