AI IMAGE
സ്കൂൾ ക്ലാസിലേക്ക് മൃഗത്തിന്റെ തലച്ചോറുമായെത്തിയ ബയോളജി അദ്ധ്യാപകനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഫലപ്രദമായി ശരീരഘടന പഠിപ്പിക്കാനാണ് മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്നതെന്നാണ് അദ്ധ്യാപകൻരെ വിചിത്ര വാദം.
ജൂൺ 24നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പശുവിന്റെ തലച്ചോറാണ് കൊണ്ടുവന്നതെന്ന് അധ്യാപകൻ വിദ്യാർഥികളോട് പറഞ്ഞിരുന്നു. വിദ്യാർത്ഥികൾ പരാതി പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, പശുവിന്റെ തലച്ചോറാണോ കൊണ്ടുവന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണവിധേയമായി ബയോളജി അദ്ധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഈ വിഷയത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂളിലെ എച്ച്എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ കേസെടുത്തത്. അദ്ധ്യാപകൻ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് എബിവിപി പ്രതിഷേധ പ്രകടനം നടത്തി.