criminal-kolkata

Kolkata law college gangrape case: In this combo of three pictures, the accused who were arrested in connection with the alleged gang-rape of a first-year student of a law college in south Kolkata, being produced at a city court, in Kolkata, Friday, June 27, 2025.(PTI)

  • നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു
  • കൊല്‍ക്കത്തയില്‍ പ്രതിഷേധത്തീ
  • പ്രതി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളയാള്‍

ആര്‍ജെ കര്‍ ആശുപത്രിയിലുണ്ടായ ദുരന്തത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ക്യാംപസ് പരിസരത്തുവച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവം ബംഗാളില്‍ പ്രതിഷേധത്തീയായി മാറുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏഴരയ്ക്കും പതിനൊന്നിനുമിടയില്‍ സൗത്ത് കൊല്‍ക്കത്ത ലോ കോളജ് ഗാര്‍ഡ് റൂമില്‍ വച്ചാണ് 24കാരി ക്രൂരബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി നല്‍കിയ പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ വലിയ രാഷ്ട്രീയ വിഷയമായും സംഭവം മാറുകയാണ്.

കേസില്‍ മൂന്ന് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാംപ്രതി തന്നെ ബലാത്സംഗം ചെയ്യുന്നത് മറ്റുരണ്ടു പേര്‍ നോക്കി നിന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ യോഗത്തിനു ശേഷമായിരുന്നു സംഭവം. ജെ, എം ,പി എന്നിങ്ങനെയാണ് പരാതിയില്‍ പ്രതികളുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്.

protest-rape

 ‘ഇവര്‍ മൂന്നുപേരും തന്നെ വളഞ്ഞു, എം, പി എന്നീ പുരുഷന്‍മാര്‍ തന്നെ ‘ജെ’യ്ക്കൊപ്പം ഒരു മുറിയില്‍ പൂട്ടിയിട്ടു, അയാള്‍ എന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, ഞാന്‍ അവന്റെ കാലുപിടിച്ചു കരഞ്ഞു, എന്നെ വിട്ടേക്കാന്‍ കരഞ്ഞുപറഞ്ഞെങ്കിലും അവന്‍ തയ്യാറായില്ല,ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവന്‍ എന്നെ നിര്‍ബന്ധിച്ചു, ഞാന്‍ അവനെ പിന്നിലേക്ക് തള്ളിക്കൊണ്ടിരുന്നു, എനിക്കിത് സമ്മതിക്കാന്‍ കഴിയില്ലെന്നും എനിക്കൊരു കാമുകനുണ്ടെന്നും അവനെ സ്നേഹിക്കുന്നെന്നും പറഞ്ഞു, ’–പെണ്‍കുട്ടിയുടെ പരാതിയിലെ വാക്കുകളാണിത്.

ഇതിനിടെ കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഞാന്‍ ഇന്‍ഹേലറിനായി അപേക്ഷിച്ചു, അപ്പോള്‍ ജെ പുറത്തുനിന്നിരുന്ന എം, പി എന്നിവരെ അകത്തേക്ക് വിളിച്ചു, പക്ഷേ അവരും സഹായിച്ചില്ല, പിന്നീട് എം കൊണ്ടുവന്നു, ഇന്‍ഹേലര്‍ ഉപയോഗിച്ചപ്പോള്‍ അല്‍പം ആശ്വാസമായി, തുടര്‍ന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെല്ലാവരും കൂടി എന്നെ പിടികൂടി. തുടര്‍ന്ന് ‘ജെ’ എന്നെ ബലാത്സംഗം ചെയ്തു, ഞാന്‍ തിരിച്ചടിച്ചപ്പോള്‍ അവന്‍ എന്നെ ഭീഷണിപ്പെടുത്തി, മറ്റുള്ള രണ്ടുപേരും ഇതെല്ലാം നോക്കിനിന്നു, –പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

rape-complaint

ലൈംഗികാതിക്രമത്തിനിടെ എന്റെ തലയില്‍ ഹോക്കി സ്റ്റിക്കുകൊണ്ട് അവര്‍ അടിച്ചു, സംഭവം ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തി, എം ഉന്നത ബന്ധങ്ങളുള്ളയാളാണ്, കോളജ് തൃണമൂല്‍ ഛത്രപരിഷത്ത് യൂണിറ്റ് തലവനാണ്, പക്ഷേ എനിക്ക് നീതി കിട്ടിയേ തീരൂ, നിയമ വിദ്യാര്‍ഥിനിയായ ഞാനിന്നൊരു ഇരയാണെന്നും യുവതി പൊലീസിനോട് പറയുന്നു.മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി കടുത്ത പീഡനത്തിനു ഇരയായതായി വ്യക്തമാകുന്നുണ്ട്, ശരീരത്തിലാകമാനം നഖത്തിന്റെയും കടിച്ചതിന്റേയും പാടുകളുണ്ട്, 

കേസില്‍ മുഖ്യപ്രതിയായ മനോജിത് മിശ്ര തൃണമൂല്‍ യുവജന വിഭാഗവുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ബിജെപി ആരോപിച്ചിരുന്നു. തൃണമൂല്‍ നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ഇന്നലെ ബിജെപി പുറത്തുവിട്ടിരുന്നു. അതേസമയം പ്രതിക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പറഞ്ഞു. മമതാ ബാനര്‍ജി സര്‍ക്കാറിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാതായെന്ന് സംഭവത്തിനു പിന്നാലെ അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചിരുന്നു. മുഖ്യപ്രതി ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. 

മനോജിത് മിശ്ര, സയിബ് അഹമ്മദ്, പ്രമിത് മുഖപൊധ്യായ് എന്നിവരാണ് പ്രതികള്‍. ഇവരെ മൂന്നുപേരെയും ജൂലൈ 1വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Following the tragedy at RG Kar Hospital, the incident of a young woman being raped near the campus the other day has ignited a wave of protests in Bengal. The brutal rape of the 24-year-old took place last Wednesday night between 7:30 and 9 PM in the guard room of South Kolkata Law College. With details from the woman’s complaint coming to light, the incident is fast turning into a major political issue against the Mamata Banerjee government.