നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ലെന. മനോഹരമായ ഈ അനുഭവത്തിനു ഭാഗ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുറിച്ചാണ് ലെന ചിത്രങ്ങള്‍ പങ്കുവച്ചത്. ആക്സിയോം 4 ദൗത്യത്തിന്‍റെ ബാക്ക് അപ് പൈലറ്റായിരുന്നു ലെനയുടെ ഭര്‍ത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാംശു ശുക്ലയ്ക്ക് യാത്ര സാധിക്കാതെ വന്നാല്‍ ഇദ്ദേഹമായിരുന്നു പോകേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ ശുഭാംശുവിനുളള എല്ലാ പരിശീലനത്തിലും പ്രശാന്തും ഒപ്പമുണ്ടായിരുന്നു.
നാസയിലും സ്പേസ് എക്സിലുമായി കഴിഞ്ഞ പത്തുമാസമായി പരിശീലനത്തിലായിരുന്നു പ്രശാന്ത്. ബുധനാഴ്ച്ച വിക്ഷേപണം പൂര്‍ത്തിയാകും വരെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ പ്രശാന്തുമുണ്ടായിരുന്നു. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പ്രശാന്ത് ചിത്രീകരിച്ച വിഡിയോ ലെനയും തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.
ക്രൂ അംഗങ്ങളുമായി പേടകം കുതിച്ചുയര്‍ന്ന കാഴ്ച്ച അവിസ്മരണീയമായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. അധികൃതരുടെ അനുവാദത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നതെന്ന് ലെന പറഞ്ഞു. ലെന പങ്കുവച്ച വിഡിയോയ്ക്കും നാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും വലിയ തോതിലുള്ള പ്രതികരണമാണ് മലയാളികളില്‍ നിന്നും ലഭിച്ചത്.