തെലങ്കാനയില്‍ മദ്യപിച്ച് ലക്കുകെട്ട യുവതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത് 15ഓളം ട്രെയിനുകൾ. റെയിൽവേ ജീവനക്കാർ തടയാന്‍ ശ്രമിച്ചിട്ടും യുവതി കാര്‍ നിര്‍ത്താതെ പോയതോടെയാണ് അപകടം ഒഴിവാക്കാനായി ട്രെയിനുകൾ വഴിതിരിച്ചുവിട്ടത്. യുപി സ്വദേശിയും ഐ.ടി ജീവനക്കാരിയുമായ വോമിക സോണി എസ്.യു.വി കാറിൽ ഏഴ് കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്.
ഒടുവില്‍, 32കാരിയായ യുവതിയെ റെയില്‍വേ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് സംഭവമുണ്ടായത്. രംഗാ റെഡ്ഡി ശങ്കർപള്ളിക്കടുത്ത് കൊടംകൽ ഗേറ്റിന് സമീപമായിരുന്നു സംഭവം.
യുവതി വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്നതോടെ, അരമണിക്കൂറോളമാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. വോമിക സോണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. മദ്യ ലഹരിയിൽ കാർ ഓടിച്ചതിനും, റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറിയതിനുമാണ് കേസ് എടുത്തത്.
നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് വോമിക. ഒന്നും ഓര്‍മ്മ കിട്ടുന്നില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് 32കാരിയുടെ മൊഴി. സംഭവത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിക്ക് മാനസിക പ്രശ്നമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുകയാണ്.