പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് നാവികസേനാ ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ താമസിക്കുന്ന അപ്പർ ഡിവിഷൻ ക്ലർക്ക് (യുഡിസി) വിശാൽ യാദവിനെ 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് പൊലീസ് പിടികൂടിയത്. പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചാരപ്രവർത്തനങ്ങൾ സംശയിക്കപ്പെട്ടശേഷം കാലങ്ങളായി നിരീക്ഷണത്തിലായിരുന്നു ഇയാള്‍.
പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നത്. പാക്കിസ്ഥാന്‍ ഐഎസ്ഐ ഏജന്റായ പ്രിയ ശര്‍മ്മ എന്ന യുവതിക്ക് നാവികസേനയെക്കിറിച്ചും രാജ്യത്തെ മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഇദ്ദേഹം വിവരങ്ങള്‍ നല്‍കുകയും പണം കൈപ്പറ്റുകയും ചെയ്തതിന് തെളിവുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയത്തും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷൻ സിന്ദൂരിനിടെ യാദവ് നാവിക രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തിയതായി കാണിക്കുന്ന ചാറ്റ് റെക്കോർഡുകളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
യാദവ് ഓൺലൈൻ ഗെയിമിംഗിന് അടിമയായിരുന്നു. ഇതിനായി പണം കണ്ടെത്താനായാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. യാദവിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കും അദ്ദേഹത്തിന്റെ ക്രിപ്‌റ്റോകറൻസി വാലറ്റിലേക്കുമാണ് പണമിടപാട് നടന്നിരുന്നത്. ലഭിച്ച തെളിവുകളില്‍ നിന്ന് ചാരവൃത്തി തുടങ്ങിയിട്ട് കാലങ്ങളായെന്ന് മനസിലാക്കാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജൻസികൾ യാദവിനെ ചോദ്യം ചെയ്തുവരികയാണ്. എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇതില്‍ മറ്റാരെങ്കിലും പങ്കാളികളാണോ എന്നും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് യൂട്യൂബര്‍ ജ്യോതിമല്‍ഹോത്രയടക്കമുള്ളയാളുകള്‍ പിടിയിലായിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങള്‍ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സുരക്ഷാ ഏജൻസികൾ പൊതുജനങ്ങളോട് പറഞ്ഞിട്ടുണ്ട്.