പ്രതീകാത്മക ചിത്രം.
വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ നവവധുവില്‍ നിന്ന് നവവരനു നേരെയുണ്ടായത് കൊലപാതക ഭീഷണി. ആദ്യരാത്രിയില്‍ മണിയറിയിലേക്ക് എത്തിയ നവവരന്‍ കാണുന്നത് കയ്യില്‍ ഒരു കത്തിയുമായിരിക്കുന്ന നവവധുവിനെ. ‘എന്നെ തൊട്ടാന്‍ നിന്നെ ഞാന്‍ 35 കഷ്ണമാക്കും. ഞാന്‍ അമാന്‍റെ പെണ്ണാണ്’ എന്നാക്രോശിച്ചുകൊണ്ടാണ് അവള്‍ എന്‍റെയടുത്തേക്ക് വന്നതെന്ന് നിഷാദ് എന്ന യുവാവ് പറയുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കാലെടുത്തുവച്ച വിവാഹജീവിതം ഇതോടെ തകര്‍ന്നു എന്നാണ് യുവാവും കുടുംബവും പറയുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.
എഡിഎ കോളനി നിവാസിയായ നിഷാദ് എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. സിത്താര എന്ന യുവതിയെയാണ് നിഷാദ് വിവാഹം കഴിച്ചത്. ആദ്യരാത്രിയിലുണ്ടായ സംഭവം നിഷാദ് ആദ്യം ആരോടും പറഞ്ഞില്ല. രണ്ടുമൂന്ന് ദിവസങ്ങള്‍ ഒരുവിധത്തില്‍ തള്ളിനീക്കി. എന്നാല്‍ നിഷാദിന്‍റെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റം വീട്ടുകാര്‍ ശ്രദ്ധിച്ചു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ തങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതിനെ കുറിച്ച് നിഷാദ് കുടുംബത്തോട് പറഞ്ഞു.
‘ആദ്യരാത്രി മുറിയില്‍ കയറിച്ചെന്നപ്പോള്‍ അവള്‍ മൂടിപ്പുതച്ച് ഒരിടത്ത് ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ എന്നെ തൊട്ടുപോകരുത്, ഞാന്‍ അമാന്‍റെ പെണ്ണാണ്. എന്‍റെ ദേഹത്ത് തൊട്ടാല്‍ നിന്നെ 35 കഷ്ണമാക്കി വെട്ടിയരിയുമെന്ന് സിത്താര പറഞ്ഞു. ഞാന്‍ ഭയന്നുപോയി. കത്തിയുമായി അവളിരുന്ന കട്ടിലില്‍ നിന്ന് മാറി മുറിയിലുണ്ടായിരുന്ന സോഫയില്‍ ഞാന്‍ പതിയെ ചെന്നിരുന്നു. രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതായിരുന്നു അവസ്ഥ. അര്‍ധരാത്രിയാകുമ്പോള്‍ അവള്‍ ഉറങ്ങും. പക്ഷേ എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. രാത്രിയില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ അവള്‍ കത്തിയെടുത്ത് തന്നെ കുത്തിക്കൊല്ലുമോ എന്ന ഭയമായിരുന്നു’ എന്നാണ് നടന്ന കാര്യങ്ങളെക്കുറിച്ച് നിഷാദ് പിന്നീട് പറഞ്ഞത്.
പല സംഭവങ്ങളും വാര്‍ത്തകളില്‍ കാണുന്നതല്ലേ, അതുകൊണ്ട് നന്നായി പേടിച്ചു. നാളത്തെ വാര്‍ത്താതലക്കെട്ടുകളില്‍ ഞാനുണ്ടാകുമോ എന്നുവരെ ചിന്തിച്ചുപോയി എന്നാണ് നിഷാദ് പറയുന്നത്. ഏപ്രില്‍ 29നായിരുന്നു നിഷാദിന്‍റെയും സിത്താരയുടെയും വിവാഹം. അന്ന് സിത്താരയുടെ വീട്ടിലായിരുന്നു താമസം. ഏപ്രില്‍ 30ന് നിഷാദിന്‍റെ വീട്ടിലേക്ക് ദമ്പതികളെത്തി. മേയ് രണ്ടിന് ആര്‍ഭാടമായി ഒരു റിസപ്ഷനും നടത്തിയിരുന്നു. റിസപ്ഷന്‍ കഴിഞ്ഞതിന്‍റെ പിറ്റേദിവസം മാനസിക സമ്മര്‍ദം താങ്ങാനാകാതെ നിഷാദ് എല്ലാ കാര്യങ്ങളും സഹോദരിയെ അറിയിച്ചു. വീട്ടുകാര്‍ വിളിച്ചുനിര്‍ത്തി ചോദിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ സിത്താര പറഞ്ഞത് ‘ഞാന്‍ അമാനെ സ്നേഹിക്കുന്നു, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്. എനിക്ക് അമാന്‍റെ കൂടെ ജീവിച്ചാല്‍ മതി. അവന് മാത്രമേ എന്‍റെ ദേഹത്ത് തൊടാന്‍ അനുവാദമുള്ളൂ’ എന്നാണ്.
ഇതോടെ നിഷാദിന്‍റെ വീട്ടുകാര്‍ സിത്താരയുടെ വീട്ടില്‍ വിളിച്ച് നടന്നതെല്ലാം പറഞ്ഞു. മേയ് 25ന് ഇരുവീട്ടുകാരും ഒന്നിച്ചിരുന്ന് സംസാരിച്ചു. നാട്ടിലെ ചില മുതിര്‍ന്നയാളുകളും എത്തിയിരുന്നു. എല്ലാവരും കൂടി എടുത്ത തീരുമാനം സിത്താര അമാനെ മറന്ന് നിഷാദിനൊപ്പം ജീവിക്കണം എന്നതായിരുന്നു. അതിന് സിത്താര സമ്മതിച്ചു. എന്നാല്‍ നിഷാദിനെ വീണ്ടും സിത്താര ഉപദ്രവിച്ചുകൊണ്ടേയിരുന്നു. അമാന്‍റെ അടുത്തേക്ക് പോകണമെന്ന് സിത്താര വാശിപിടിച്ചു. മേയ് 30ന് സിത്താര ഭര്‍തൃവീട്ടില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോയി. ഗേറ്റ് പൂട്ടിക്കിടന്നിരുന്നത് കൊണ്ട് മതില്‍ ചാടിയാണ് സിത്താര അമാന്‍ എന്ന കാമുകന്‍റെയടുത്തേക്ക് പോയതെന്ന് വീട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
ഇത് കുടുംബത്തിനാകെ നാണക്കേടുണ്ടാക്കി എന്നാണ് നിഷാദിന്‍റെ അച്ഛന്‍ പ്രതികരിച്ചത്. അവള്‍ ഈ വീട്ടിലുണ്ടായിരുന്നപ്പോള്‍ ഭയമായിരുന്നു ഉള്ളുനിറയെ എന്നാണ് നിഷാദിന്‍റെ അമ്മ പറഞ്ഞത്. ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. അവള്‍ക്ക് നല്ലൊരു ബന്ധം അന്വേഷിച്ച് കണ്ടെത്തി. വിവാഹവും നടത്തി. എല്ലാം പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല എന്നാണ് സിത്താരയുടെ മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസുമായി മുന്നോട്ടുപോകാന്‍ ഇരുകുടുംബങ്ങള്‍ക്കും താല്‍പര്യമില്ല. നിഷാദിന്‍റെ അവസ്ഥ അതിഭീകരമാണ്. ഇനിയൊരു വിവാഹത്തിന് താനൊരിക്കലും തയ്യാറാകില്ലെന്നാണ് നിഷാദ് പറയുന്നത്.