ലീക്കാകുന്ന ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വലിച്ചിടുന്ന ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എത്ര ഭീകരമാണെന്ന് കാണിച്ചു തരാന്‍ ഈ ഒരൊറ്റ വിഡിയോ മതി. ലീക്കായി ചീറ്റിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടറാണ് ആദ്യം ആ സ്ത്രീ അടുക്കളയില്‍ നിന്നും തൊട്ടടുത്ത വര്‍ക്ക് ഏരിയയിലേക്ക് വലിച്ചിടുന്നത്. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ അവര്‍ സഹായത്തിന് മറ്റൊരാളെയും കൂട്ടി അല്‍പനേരത്തിനകം തിരിച്ചെത്തുന്നുണ്ട്.
യുവാവുമായെത്തി ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് മാറ്റാനോ മറ്റോ ശ്രമിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് പെട്ടെന്ന് വീട് മുഴുവന്‍ തീയാളി പടരുകയാണ്. ഉടുത്തിരുന്ന സാരിയില്‍ വരെ തീ പടര്‍ന്നു പിടിച്ചതോടെ അത് വലിച്ചൂരിയെറിഞ്ഞ് ഓടിമാറുകയാണ് സ്ത്രീ ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന യുവാവ് മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഓടിമാറുന്നുണ്ട്. ആയുസ്സിന്‍റെ ബലം കൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്ന് രണ്ടുപേരും രക്ഷപ്പെട്ടതെന്നാണ് കമന്‍റുകള്‍.
ജീവന്‍ പോലും അപകടപ്പെടുത്തിയാണ് രണ്ടുപേരും ആ ഗ്യാസ് സിലിണ്ടറിന്‍റെ അടുത്തേക്ക് പോയത്. ഗ്യാസ് ലീക്കായി എന്നു കണ്ടാല്‍ വാതിലും ജനലുകളുമെല്ലാം തുറന്നിട്ട് ഓടിരക്ഷപ്പെടുകയല്ലേ വേണ്ടത്, ഇങ്ങനെ അതിനടുത്ത് പോയി നില്‍ക്കാമോ എന്ന് ചോദിക്കുന്നവരുമുണ്ട്.