ആക്രമണ ഡ്രോണടക്കം യുദ്ധോപകരണങ്ങള്‍ നിര്‍മിച്ച് രാജ്യത്തിന്‍റെ അംഗീകാരം നേടി മലയാളി സൈനികന്‍. പാലക്കാട് സ്വദേശിയായ മേജര്‍ രാജ്പ്രസാദിനെ തേടിയെത്തിയത് NSGയുടെ കൗണ്ടര്‍ ഐഇഡി ഇന്നൊവേറ്റര്‍ അവാര്‍ഡാണ്. സൈനിക സേവനത്തിനിടെ കണ്ടുപിടിത്തങ്ങളിലൂടെയും രാജ്യത്തിന് കരുത്തുപകരുന്ന മേജര്‍ രാജ്പ്രസാദ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു.
സാം മനേക്ഷാ സെന്‍ററില്‍ നിറഞ്ഞ കയ്യടികള്‍ക്ക് മുന്നിലൂടെ ഏഴാം എന്‍ജിനീയര്‍ റജിമെന്‍റ് കമ്പനി കമാന്‍ഡര്‍ മേജര്‍ ആര്‍.എസ്.രാജ്പ്രസാദ് ഇന്നൊവേറ്റര്‍ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ അത് കേരളത്തിനും രാജ്യത്തിനും അഭിമാനനിമിഷം. 10 കിലോമീറ്റര്‍ പോയി ആക്രമിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, ഇലക്ട്രോ മാഗ്നറ്റിക് പള്‍സ് അഥവാ EMP ഗണ്‍ എന്നീ രണ്ട് കണ്ടുപിടിത്തങ്ങള്‍ക്കാണ് മേജര്‍ രാജ്പ്രസാദിന് NSG,പുരസ്കാരം നല്‍കിയത്. ഡ്രോണിന് അഗ്നി അസ്ത്രയെന്നും EMP ഗണ്ണിന് ശത്രുനാശെന്നുമാണ് പേരിട്ടിരിക്കുന്നത്
ബിടെക്കും എംടെക്കും കഴിഞ്ഞ് ഇന്ത്യന്‍ മിലിറ്ററി അക്കാദമി പരീക്ഷ റാങ്കോടെ പാസായ മേജര്‍ രാജ്പ്രസാദ്, സൈനിക യൂണിഫോമിട്ട ശാസ്ത്രജ്ഞനാണ്. സൈന്യത്തിനുവേണ്ട കണ്ടുപിടിത്തങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന മേജര്‍. കഴിഞ്ഞവര്‍ഷം മേജര്‍ രാജ്പ്രസാദിന്‍റെ ബുദ്ധിയിലുദിച്ച ഐഇഡി നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുന്ന എക്സ്പ്ലൊററിനും NSGയുടെ പുരസ്കാരം ലഭിച്ചിരുന്നു. കരസേനയ്ക്കായി ഇതുവരെ 12 സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിട്ടുണ്ട് മേജര്‍ രാജ്പ്രസാദ്. പ്രധാനമന്ത്രി നേരിട്ടും മേജര്‍ രാജ്പ്രസാദിനെ അഭിനന്ദിച്ചു.