അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യക്കുമേല്‍ പിടിമുറുക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 2024 മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. വ്യോമയാന മേഖലയിലാകെ ഓഡിറ്റ് നടത്താനും ഡി.ജി.സി.എ തീരുമാനിച്ചു.
വിമാനത്തിനകത്തെയും പുറത്തെയും സുരക്ഷാക്രമീകരണങ്ങള്‍, ജീവനക്കാരുടെ സുരക്ഷ, ജോലി ക്രമീകരണം തുടങ്ങിയവ സംബന്ധിച്ച ഓഡിറ്റ് വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കാനാണ് ഡി.ജി.സി.എ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇസ്പെക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് 10 മണിക്കൂറിലധികം ജോലിചെയ്യേണ്ട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് കഴിഞ്ഞദിവസം ഡി.ജി.സി.എ നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഓഡിറ്റ് വിവരങ്ങള്‍ തേടിയത്. വ്യോമയാന മേഖലയിലാകെ ഓഡിറ്റ് നടത്താനും ഡി.ജി.സി.എ തീരുമാനിച്ചിരുന്നു. സ്വകാര്യ, സര്‍ക്കാര്‍ വിമാനക്കമ്പനികള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം ഓഡിറ്റ് നടത്താനാണ് തീരുമാനം. സുരക്ഷ ഉറപ്പുവരുത്തുന്നതിനന്‍റെ ഭാഗമായാണ് നടപടി