രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മറക്കാനാകാത്ത ജന്‍മദിനം. ഉത്തരാഖാണ്ഡ് സന്ദര്‍ശനത്തിനിടെ 67ാം ജന്‍മദിനത്തില്‍ ഒരു കൂട്ടം കുട്ടികളുടെ ആശംസാഗാനം രാഷ്ട്രപതിയെ കണ്ണീരണിയിച്ചു. കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ക്കായുള്ള ദേശീയ ശാക്തീകരണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ കണ്ടു നിന്നവരെയും രാഷ്ട്രപതി കരയിച്ചു. ശാന്തമായി പരിപാടി പുരോഗമിക്കവേ കുട്ടികള്‍ പാട്ടു പാടിയതോടെ രാഷ്ട്രപതിക്കു സ്വയം നിയന്ത്രിക്കാനായില്ല. സുരക്ഷാഭടന്‍ അടക്കം ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും കാര്യം മനസിലായതോടെ പിന്‍മാറി.
കുട്ടികള്‍ ഹൃദയത്തില്‍ നിന്നാണ് പാടിയത്. അത്രയും മനോഹരമായ പാട്ടായിരുന്നു, എനിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസംഗത്തിനിടെ രാഷ്ട്രപതി പറയുകയും ചെയ്തു. ഏതെങ്കിലും തരത്തിലുളള പരിമിതികളുള്ള കുഞ്ഞുങ്ങള്‍ക്ക് അനുഗൃഹീതമായ പ്രതിഭാശേഷിയുണ്ടാകുമെന്ന വിശ്വാസം ഈ കുട്ടികള്‍ തെളിയിച്ചുവെന്ന് ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികള്‍ നേരിടുന്ന വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.