രാഷ്ട്രപതി ദ്രൗപദി മുര്‍മു 30 മിനിറ്റാണ് റഫാല്‍ യുദ്ധവിമാനത്തില്‍ ഇന്ന് പറന്നത്. യുദ്ധവിമാനത്തില്‍ അരമണിക്കൂറോളം പറന്ന് തിരിച്ചിറങ്ങിയ രാഷ്ട്രപതി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ഫോട്ടോയിലുള്ള വ്യോമസേന ഉദ്യോഗസ്ഥ ആരാണെന്ന് വലിയ ചര്‍ച്ചയും തുടങ്ങി. മറ്റാരുമല്ല, വ്യോമസേനയില്‍ സ്ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്ങാണ് ഈ ഉദ്യോഗസ്ഥ. ഈ ഉദ്യോഗസ്ഥയെയാണ് ഓപ്പറേഷന്‍ സിന്ദൂരിനിടെ ബന്ദിയാക്കിയെന്ന് പാക്കിസ്ഥാന്‍ വ്യാജ ആരോപണം ഉന്നയിച്ചത്.
റഫാല്‍ യുദ്ധവിമാനം വീഴ്ത്തിയാണ് പൈലറ്റിനെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു വ്യാജ അവകാശവാദം. എന്നാല്‍ ഇന്ന് രാഷ്ട്രപതിക്കൊപ്പം ശിവാംഗി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അതും സര്‍വസൈന്യാധിപയായ രാഷ്ട്രപതി റഫാലില്‍ പറന്ന് താഴെ ഇറങ്ങിയശേഷം. ശിവാംഗി സിങ് ‘മിസിങ്ങാ’ണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പറയുന്നതായി വ്യാജ വിഡിയോയും പാക് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
ആരാണ് ശിവാംഗി സിങ്
അംബാല ആസ്ഥാനമായ ഗോള്‍ഡണ്‍ ആരോസ് സ്ക്വാഡ്രണിലെ അംഗമാണ് ശിവാംഗി സിങ്. 2017ലാണ് ശിവാംഗി സിങ് വ്യോമസേനയില്‍ ചേര്‍ന്നത്. നിലവില്‍ വ്യോമസേനയില്‍ സ്ക്വാഡ്രണ്‍ ലീഡര്‍. യുപി വാരാണസിയാണ് 29കാരിയായ പൈലറ്റിന്‍റെ സ്വദേശം. വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് രണ്ടാം ബാച്ചിലെ അംഗമാണ് ശിവാംഗി. 2020ലാണ് ശിവാംഗി ആദ്യമായി റഫാല്‍ യുദ്ധവിമാനം പറത്തിയത്. അതിന് മുന്‍പ് മിഗ് – 21 ബൈസണ്‍ യുദ്ധവിമാനമടക്കം പറത്തിയിട്ടുണ്ട്. നിലവില്‍ ഫ്ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ് ശിവാംഗി.