ഫയല്‍ ചിത്രം
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയതില്‍ കെ.യു.ജനീഷ്കുമാര്‍ എം.എല്‍.എയുടെ വിശദീകരണം. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പൈലറ്റിന്റെ ആവശ്യപ്രകാരമാണ് എച്ചിലേക്ക് തള്ളി നീക്കിയതെന്നും എം.എല്‍.എ പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നതെന്നും ജനീഷ് കുമാര്‍ വ്യക്തമാക്കി.
ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയില്ലെന്നാണ് ജനീഷ്കുമാര്‍ പറഞ്ഞത്. എന്‍എസ്ജി അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കോൺക്രീറ്റ് താഴ്ന്ന് പോയാൽ എന്താ പ്രശനം? മുകളിലോട്ട് ഉയർന്ന് അല്ലേ ഹെലികോപ്റ്റര്‍ പോകുന്നത് എന്നുള്ള വിചിത്രവാദവും ജനീഷ്കുമാര്‍ ഉന്നയിച്ചു. വാര്‍ത്ത സംസ്ഥാനത്തിന് നാണക്കേടെന്നും ജനീഷ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചത്. രാത്രി പണി തുടങ്ങി രാവിലെയോടെയാണ് മൂന്ന് ഹെലികോപ്റ്റർ ഇറക്കാനുള്ള സ്ഥലം കോൺക്രീറ്റ് ചെയ്തത്. രാഷ്ട്രപതി വന്നിറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ പുതയുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങി വാഹനത്തിൽ പമ്പയിലേക്ക് പോയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കി. കോൺക്രീറ്റ് ഉറച്ചു പോകുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു തള്ളി മാറ്റിയത്
ഈ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായതോടെ പൊലീസ് എത്തി മാധ്യമങ്ങളെ ഒഴിപ്പിച്ചു. സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം. യാത്രാ പദ്ധതി മാറ്റിയത് കേന്ദ്ര സുരക്ഷ ഉദ്യോഗസ്ഥരെന്നും അവർക്ക് സാഹചര്യങ്ങൾ ബോധ്യപ്പെട്ടെന്നും ഡിജിപി അറിയിച്ചു. രാഷ്ട്രപതിയുടെ റോഡ് യാത്രയ്ക്ക് സൗകര്യമൊരുക്കാൻ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മഴയുടെ പേരിൽ അവധിയും പ്രഖ്യാപിച്ചിരുന്നു.