ഭാര്യയ്ക്ക് മംഗല്യ സൂത്രം വാങ്ങാനെത്തിയ ഭര്‍ത്താവിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഗോപികാ ജ്വല്ലറിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 93 വയസുള്ള നിവൃത്തി ഷിന്‍ഡെയും അദ്ദേഹത്തിന്‍റെ ഭാര്യയും ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയത്.
വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് നിവൃത്തി ഷിൻഡേ എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം. വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം കരുതിയത്. എന്നാല്‍ ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാനാണ് ഇരുവരും എത്തിയതെന്ന് മനസിലായതോടെ ജീവനക്കാര്‍ ഒന്നമ്പരന്നു.
എന്താണ് വേണ്ടതെന്ന ചോദ്യത്തിന്‍റെ മംഗല്യ സൂത്രം എന്നായിരുന്നു വയോധികന്‍റെ മറുപടി. കൊച്ച് മക്കൾക്കാണെന്ന് കരുതിയാല്‍ തെറ്റി. തന്‍റെ ഭാര്യയ്ക്ക് വേണ്ടി വാങ്ങാനാണദ്ദേഹം എത്തിയത്. ഭാര്യയ്ക്കുള്ള സമ്മാനമാണ് അതെന്ന് കൂടി പറഞ്ഞതോടെ ജ്വല്ലറിയിലെ ആളുകള്‍ അമ്പരന്നു.
ജ്വല്ലറിയുടമയുമായുള്ള സംസാരത്തിനിടെ ഇരുവരും ആഷാഢി ഏകാദശി ആഘോഷിക്കാനായി പണ്ഡര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനത്തിന് ഇറങ്ങിയതാണെന്നും ഇരുവര്‍ക്കും ഒരു മകനുണ്ടെന്നും മനസിലായി.
നിലവിലെ വിപണി വില അനുസരിച്ച് മംഗല സൂത്രം വാങ്ങാന്‍ വലിയ വില ആവശ്യമായിവരും. എന്നാല്‍ ഇരുവരുടെയും പക്കം വെറും 1120 രൂപ മാത്രമാണുണ്ടായിരുന്നത്. തന്‍റെ കൈയിലുള്ള ആകെ സമ്പാദ്യമാണിതെന്നും വയോധികന്‍ പറഞ്ഞതോടെ ജ്വല്ലറിയുടമയുടെ കണ്ണുകള്‍ നിറഞ്ഞു. ആകെ 20 രൂപ മാത്രമാണ് മംഗല്യസൂത്രത്തിനായി ഉടമ വാങ്ങിയത്. ബാക്കി പണം തിരികെ നല്‍കി. പണം വേണ്ടെന്ന് ജ്വല്ലറി ഉടമ പറഞ്ഞെങ്കിലും പണം വാങ്ങണമെന്ന് നിവൃത്തി ഷിന്‍ഡെ നിര്‍ബന്ധം പിടിച്ചപ്പോഴാണ് കടയുടമ 20 രൂപ എടുത്തത്. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു.
ഇരുവരും എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിൽ ഒരാൾ വർഷങ്ങൾക്കു മുൻപ് മരിച്ചു. ഇപ്പോഴുള്ള മകൻ മദ്യപാനിയാണെന്നും അതുകൊണ്ടു തന്നെ ഇവര്‍ ഒറ്റയ്ക്കാണ് താമസമെന്നും പ്രദേശവാസികൾ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്‍റെ വിഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. രണ്ടരക്കോടിയിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. ഹൃദയസ്പര്‍ശിയായ വിഡിയോ ആണിതെന്നും കണ്ണ് നിറയാതെ ഈ വിഡിയോ കാണാന്‍ കഴിയില്ലെന്നാണ് ആളുകളുടെ കമന്‍റ്.