aviation-minister

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകട സ്ഥലത്തു നിന്നുള്ള കേന്ദ്രവ്യോമയാനമന്ത്രിയുടെ റീല്‍ വിവാദമായി. സംഭവം നടന്നയുടന്‍ അഹമ്മദാബാദിലെത്തിയ  വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡു സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ സമൂഹമാധ്യമങ്ങളില്‍ റീലായി പങ്കുവച്ചതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഔചിത്യബോധമില്ലാതെ പെരുമാറിയ മന്ത്രി രാജിവയ്ക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നു.

അഹമ്മദാബാദ് വിമാനദുരന്തം സംഭവിച്ച സ്ഥലത്തു നിന്നുള്ള ഇന്‍സ്റ്റഗ്രാം റീലാണ് കേന്ദ്ര വ്യോമയാനമന്ത്രിയെ വിവാദത്തില്‍ കുരുക്കിയത്. അപകടം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി സ്പോട്ടിലെത്തി നേരിട്ട് സാഹചര്യം വിലയിരുത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലസംഗീതവും ചേര്‍ത്ത് എഡിറ്റ് ചെയ്ത് റീലാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.  ദുരന്തകാരണം കണ്ടെത്താന്‍ പരിശോധനകള്‍ പുരോഗമിക്കുന്നുവെന്ന കാപ്ഷനില്‍ പങ്കുവച്ച വീഡിയോ നെറ്റിസണ്‍സില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ക്ഷണിച്ചു വരുത്തി.

വിവേകമില്ലാത്ത വകുപ്പുമന്ത്രി ഇത്രയും ഔചിത്യമില്ലാതെ പെരുമാറരുതെന്നും ഈ മന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്നും കമന്റുകളുയരുന്നു. ഇത്രയും വലിയൊരു ദുരന്തം പോലും  ഫോട്ടോ ഷൂട്ട് അവസരമാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രിയല്ല, സോഷ്യല്‍ മീഡിയ റീല്‍സ് മന്ത്രിയെന്നു പരിഹാസവുമുണ്ട്. ഈ വിമാനദുരന്തത്തില്‍ ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട വകുപ്പു മന്ത്രി തന്നെ റീല്‍സ് അവസരമാക്കി നിസാരവല്‍ക്കരിക്കുന്നതും താങ്ങാവുന്നതിലും അധികമാണെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നു ചിലര്‍.  എയര്‍ ഇന്ത്യ ഇപ്പോള്‍ സ്വകാര്യ എയര്‍ലൈനാണെങ്കിലും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും വ്യോമഗതാഗത നിയന്ത്രണവും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നോര്‍മിപ്പിക്കുന്നവരുമുണ്ട്. എന്തുതന്നെ സംഭവിച്ചാലും പി.ആര്‍.ഏജന്‍സികള്‍ പറയുന്നതു പോലെ പ്രതിഛായ നിര്‍മാണം മാത്രമാണ് നേതാക്കളുടെ ജോലിയെന്നും ചിലര്‍. എന്തായാലും വിമര്‍ശനങ്ങളുടെ പെരുമഴയിലും മന്ത്രി റീല്‍ നീക്കം ചെയ്തിട്ടില്ല.

മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 38കാരനായ കിഞ്ജരാപ്പു റാം മോഹന്‍ നായിഡു. വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന യെറാന്‍ നായിഡുവിന്റെ മകനാണ്. തെലുഗുദേശം പാര്‍ട്ടിയില്‍ നിന്ന് മൂന്നാംവട്ടം എം.പിയായപ്പോഴാണ് സുപ്രധാന വ്യോമയാനമന്ത്രാലയത്തിന്റെ ചുമതല റാം മോഹന്‍ നായിഡുവിനെ തേടിയെത്തിയത്.

ENGLISH SUMMARY:

A reel posted by the Union Civil Aviation Minister from the Ahmedabad plane crash site has sparked controversy. Many criticized it as insensitive, given the scale of the tragedy that shook the nation.