ടേക്ക് ഓഫിനിടയില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം തകര്‍ന്ന് വീഴാന്‍ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും. ആകാശത്തെ അവസാനനിമിഷങ്ങളുടെ ദൃശ്യങ്ങളില്‍ വിലയിരിത്തുമ്പോള്‍ വിദഗ്ധര്‍ കണ്ടെത്തുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതുണ്ട്. 

Read Also: കെട്ടിടം തുളച്ചുവരുന്ന എയര്‍ ഇന്ത്യ; മണിക്കൂറുകള്‍ക്കു ശേഷം അപകടം; അറംപറ്റിയ പരസ്യം

അഹമ്മബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 പേരുമായി പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നയുടന്‍ തകര്‍ന്നുവീഴുകയായിരുന്നു. എങ്ങനെയാണ് ടേക്ക് ഓഫ് ചെയ്ത് 625 അടി ഉയരത്തിലെത്തിയ ഒരു വിമാനം പെട്ടെന്ന് തകര്‍ന്ന് വീണത്? എന്തൊക്കെയാണ് സാധ്യതകള്‍.   വിമാനത്തിന്റെ, ആകാശത്തെ അവസാന നിമിഷങ്ങളുടെ, ലഭ്യമായ ഒരു വിഡിയോയിൽ കാണുന്ന മൂന്നു അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളില്‍ ഫോക്കസ് ചെയ്താണ് ഈ മേഖലയിലെ വിദഗ്ധര്‍ അത് വിശദീകരിക്കുന്നത്. അതിപ്രകാരമാണ്. 

1. അറുനൂറടിയോളം പൊക്കത്തിൽ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങൾ

2. വിഡിയോയിലെ വിദൂരക്കാഴ്ചയിൽ, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്‌ളാപ്പുകൾ

3. വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയരാനുള്ള ശ്രമം

200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകൾ മുകളിലേക്കുയർത്തുകയാണ് പതിവ്.

ഇവിടെ അറുനൂറായിട്ടും പൈലറ്റുമാർ ചക്രങ്ങൾ മുകളിലേക്കു കയറ്റാത്തത് പ്രശ്‌നത്തിന്റെ തന്നെ സൂചികയാണ്. 

Read Also: വീണ്ടും അതേ നമ്പര്‍, 171; നടി റാണിചന്ദ്ര കൊല്ലപ്പെട്ട വിമാനാപകടം

അപ്പോള്‍ എന്തുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്.

 സാധ്യതകൾ പലതാണ്.

1. ലാൻഡിങ് ഗിയർ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാർ

2. പൈലറ്റുമാരുടെ മറവി

3. വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനും സാധ്യത

പക്ഷേ അപ്പോഴും വലിയൊരു പ്രശ്നം അവിടെ ബാക്കിയാണ്.  എന്താണെന്നുവച്ചാല്‍ അത് ആ കാണുന്ന ഫ്‌ളാപ്പുകള്‍ നേരെയാക്കിയെന്നതാണ്. അത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ടേക്ക് ഓഫ്  ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ ഈ പാളികൾ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതൽ തള്ളൽ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാൽ രണ്ടു കാര്യങ്ങളും നടക്കില്ല.

എന്നാൽ അഹമ്മദാബാദ് വിമാനത്താവളത്തിലെ 3480 മീറ്റർ നീളമുള്ള റൺവേയിലെ വെറും 1900 മീറ്ററിൽ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയർന്ന ഈ വിമാനത്തിലെ ഫ്‌ളാപ്പുകൾ, ഉയരാനുള്ള ഓട്ടത്തിൽ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്.

ഉയർന്നു കഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകമ്പോഴാണ് അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം, ഫ്‌ളാപ്പുകൾ നേരെയാക്കുക. അതേവരെ നല്ല ലിഫ്റ്റ്-അതായത് മുകളിലേക്കുള്ള തള്ളൽ- വേണമെങ്കിൽ ഫ്‌ലാപ്പുകൾ ഇങ്ങിനെ താഴ്ന്ന് ഇരുന്നേ പറ്റൂ. ഇവിടെ പക്ഷേ അത് നേരെയാണ്. 

ഇന്ന് വിമാനം വീഴുമ്പോൾ ഉയരം 625 അടിയായിരുന്നു.  അതേസമയം, 200-400 അടിയിൽ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട വീലുകൾ ഈ പൊക്കത്തിലും, താഴ്ന്നു തന്നെയിരിക്കുകയും ചെയ്തു.

വളരെ പ്രാഥമികമായ ഈ വിലയിരുത്തലുകളില്‍ നിന്ന്  ആദ്യം തോന്നാവുന്ന സംശയം ഇതാണ്- 

ലാൻഡിഗ് ഗിയർ വലിച്ചുകയറ്റാനുള്ള ലിവറെന്നു കരുതി ഫ്‌ളാപ്പുകൾ നേരെയാക്കാനുള്ള ലിവർ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാർ?

പക്ഷേ  ഡ്രീംലൈനർ വിമാനത്തിൽ ഇതിനുള്ള സാധ്യത കുറവാണ്. മാറിപ്പോകാൻ തക്കം അടുത്തടുത്തല്ല ഈ രണ്ടു ലിവറുകള്‍. പൈലറ്റുമാരുടെ നടുക്കുള്ള പെഡസ്റ്റലിൽ എൻജിൻ ത്രോട്ടിലിന് വലത്താണ് ഫ്‌ളാപ്പ് ലിവർ.

‌ലാൻഡിങ് ഗിയർ ലിവറാകട്ടെ മുഖ്യ ഇൻസ്ട്രമെന്റ് പാനലിൽ, അതായത് ഫ്‌ളൈറ്റ് ഡിസ്‌പ്ലേ പാനലിലനു താഴെ, ക്യാപ്റ്റന്റെ സൈഡിലാണ് അതായത് ഇടതുവശത്ത്. 

നേരെയായ ഫ്‌ളാപ്പുകളും താഴെ ഇറങ്ങിത്തന്നെ നിൽക്കുന്ന വീലുകളും- ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണെന്ന് പറയേണ്ടതില്ല. 

വിമാനത്തിന് ഉയർന്നു പോകാനുള്ള, മുകളിലേക്കുള്ള തള്ളൽ കുറയുകയും, തള്ളി താഴേക്കു നിൽക്കുന്ന വീലുകൾ വായുപ്രവാഹത്തിന് തടസ്സമുണ്ടാക്കി ഡ്രാഗ്- അതായത് പിന്നിലേക്കുള്ള വലിവ്- കൂടുകയും ചെയ്യും ഈ അവസ്ഥയില്‍.

വിമാനം ഉയരുന്നുമില്ല, വേഗം കുറയുകയും ചെയ്യുന്നു എന്നതാണ് ആ അവസ്ഥ. ഇത്തരമൊരു അവസ്ഥയിലെത്തുമ്പോള്‍ എന്തായിരിക്കും പൈലറ്റ് ചെയ്തിട്ടുണ്ടാവുക?

വിമാനം ഉയരുന്നില്ലെന്നു കാണുമ്പോൾ, സ്വാഭാവികമായും വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയർത്താനുള്ള പ്രേരണയാണുണ്ടാവുക. ഇങ്ങിനെ, കുറഞ്ഞ വേഗത്തിൽ, കുറഞ്ഞ ലിഫ്റ്റിൽ, മൂക്ക് മുകളിലേ്ക്കുയരുമ്പോൾ, വായുവിന്റെ മുകളിലേക്കുള്ള തള്ളൽ പിന്നെയും ഏറെ കുറയുകയാണുണ്ടാവുക. സ്റ്റാള്‍ എന്നുപറയും ആ അവസ്ഥയ്ക്ക്. 

അപ്പോ എന്തു സംഭവിക്കും?

സ്റ്റാൾ എന്നു പറയുന്ന ഈ അവസ്ഥിൽ വിമാനം കല്ലിട്ടതുപോലെ താഴേക്കു പതിക്കും. അതാണോ ഇവിെട സംഭവിച്ചത് എന്ന് 100ശതമാനം ഉറപ്പിക്കാനാവില്ല. പക്ഷേ നിലവിലെ ലഭ്യമായ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ അനുമാനിക്കുന്നത് അങ്ങനെയാണ്. 

ENGLISH SUMMARY:

Experts are analyzing the possible causes behind the Air India Dreamliner crash that occurred during take-off. Based on last-minute visuals and available data, several key factors are emerging as potential reasons for the disaster.