നൂറ് കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ഡോർ തുറന്ന് ഡ്രൈവർ മുറുക്കി തുപ്പി. നിയന്ത്രണംവിട്ട വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലായിരുന്നു സംഭവം.
ബിലാസ്പൂർ സ്വദേശിയായ തുണി വ്യാപാരി ജാക്കി ജെഹി ആണ് മരിച്ചത്. രാത്രി ഒരു പാർട്ടിക്ക് പോയ അദ്ദേഹം പുലർച്ചെ ഒന്നരയോടെ അവിടെ നിന്ന് തന്നെ വീട്ടിൽ കൊണ്ടാക്കാൻ സുഹൃത്തായ ആകാശിനെ വിളിച്ചുവരുത്തി. ആകാശ് മറ്റൊരു സുഹൃത്തായ പങ്കജിനൊപ്പം ഒരു ഇന്നോവയിലാണ് എത്തിയത്. മൂവരും മടങ്ങുന്നതിനിടെ ആകാശാണ് വാഹനം ഓടിച്ചിരുന്നത്. പങ്കജ് മുന്നിലെ സീറ്റിലും ജാക്കി പിന്നിലും ഇരുന്നു.
ബിലാസ്പൂർ - റായ്പൂർ ഹൈവേയിലൂടെ വാഹനം 100 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിനിടെ ആകാശ് പെട്ടെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് മുറുക്കാൻ തുപ്പുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. തുടർന്ന് പല തവണ തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്താൽ മൂന്ന് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു.