സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം.
വിചിത്രമായ അമ്മായിയമ്മ– മരുമകള്‍ പ്രശ്നത്തിന്‍റെ ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ഭര്‍ത്താവും താനും കിടക്കുന്ന മുറിയില്‍ രാത്രി കാലങ്ങളില്‍ സ്ഥിരമായി എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന പരാതി മരുമകള്‍ക്കുണ്ടായിരുന്നു. ആദ്യം കരുതിയത് പ്രേതബാധയാണ് എന്നായിരുന്നു. എന്താണ് യഥാര്‍ഥ കാരണമെന്ന് കണ്ടുപിടിക്കാനായി മരുമകള്‍ ആരുമറിയാതെ മുറിയില്‍ ഒരു സിസിടിവി സ്ഥാപിച്ചു. അതിലെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ കണ്ടത് രാത്രിയില്‍ പതിവായി മുറിക്കുള്ളില്‍ കയറി എന്തൊക്കെയോ പറഞ്ഞ് തിരിച്ചുപോകുന്ന അമ്മായിയമ്മയെ.
കൊല്‍ക്കത്തയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രം മരുമകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. മകനും മരുമകളും ഉറങ്ങിക്കിടക്കുമ്പോള്‍ അവരുടെ കിടപ്പുമുറിയില്‍ കയറി മരുമകളുടെ അടുത്ത് നിന്ന് പിറുപിറുക്കുന്ന അമ്മായിയമ്മയെയാണ് വിഡിയോയില്‍ കാണുന്നത്. ‘നീ ഇത് അര്‍ഹിക്കുന്നില്ല’, ‘എനിക്ക് നിന്നെ ഇഷ്ടമല്ല’ എന്നൊക്കെയാണ് രാത്രിയില്‍ അമ്മായിയമ്മ അടുത്തുവന്ന് പറഞ്ഞുകൊണ്ടിരുന്നത് എന്ന കുറിപ്പിനൊപ്പമാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്.
വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തിയാണ് യുവതിയുടെ അമ്മായിയമ്മ ചെയ്തിരിക്കുന്നത് എന്നാണ് പലരും പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. നിയമ നടപടി സ്വീകരിക്കേണ്ട് കാര്യമാണ്, ആ വീട്ടില്‍ ഇനി എങ്ങനെ സമാധാനത്തോടെ ജീവിക്കാനാകും എന്ന കമന്‍റുകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. മരുമകളോട് അമ്മായിയമ്മ ഇതൊക്കെ ചെയ്യുന്നത് മകന്‍ നോക്കിനില്‍ക്കുകയാണോ വേണ്ടത് എന്നും ചിലര്‍ ചോദിക്കുന്നു.