Image Credit: X

സമീപകാലത്ത് രാജ്യത്തെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായ ഓപ്പറേഷൻ സിന്ദൂര്‍. പാകിസ്ഥാനിലെ ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍റെ പല മുഖങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഒരാള്‍ കൂടിയുണ്ട്. സ്നേഹത്തിന്‍റെ ധൈര്യത്തിന്‍റെ ‘ബാല’പാഠമായ ശ്രാവൺ സിങ് എന്ന കൊച്ചുമിടുക്കന്‍. 

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്ത് പഞ്ചാബിലെ താര വാലി ഗ്രാമത്തില്‍ തുറന്ന വയലുകളിൽ പട്ടാളക്കാർ അണിനിരന്നപ്പോള്‍ അവര്‍ക്കിടയിലേക്ക്, അവര്‍ക്കുവേണ്ടി പാലും ലസ്സിയുമായി ഓടിയെത്തിയ പത്തുവയസ്സുകാരന്‍. യൂണിഫോമില്ല. ആയുധങ്ങളില്ല പക്ഷേ വയസില്‍ കവിഞ്ഞ ധൈര്യവും വലുതാകുമ്പോൾ സൈനികനാകണമെന്നുള്ള അതിയായ ആഗ്രഹവുമാണ് ആ പത്തുവയസുകാരനെ യുദ്ധസമാനമായ സാഹചര്യത്തിലും സൈന്യത്തിനടുത്തെത്തിച്ചത്. ഗ്രാമത്തിലെ കര്‍ഷകനായ സോന സിങ്ങിന്റെ മകനാണ് ശ്രാവണ്‍ സിങ്. തന്‍റെ കുടുംബത്തിന്റെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന ജവാൻമാർക്ക് വെള്ളവും പാലും ലസ്സിയും ഐസും അവന്‍ എത്തിച്ചുകൊടുത്തു. കത്തുന്ന ചൂടില്‍ എല്ലാവരുടേയും ഉള്ളില്‍ യുദ്ധമെന്ന ഭയം നിറഞ്ഞുനില്‍ക്കുമ്പോളാണ് ശ്രാവൺ ദിവസവും സൈനികരുടെ അടുത്തേക്ക് ഓടിയെത്തിയത്.

ഇതേകുറിച്ച് ചോദിച്ചാല്‍ ശ്രാവണിന്‍റെ വാക്കുകളിങ്ങനെ... ‘എനിക്ക് പേടി തോന്നിയില്ല. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണം. പട്ടാളക്കാർക്ക് വേണ്ടി ഞാൻ വെള്ളവും ലസ്സിയും ഐസും എത്തിച്ചു. അവർക്കെന്നെ ഒരുപാട് ഇഷ്ടമായിരുന്നു’. എന്തിരുന്നാലും ആ കൊച്ചു കുരുന്നിന് ഇപ്പോള്‍ സ്നേഹാദരം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സേന. ഏഴാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാളാണ് ശ്രാവണിനെ ആദരിക്കാന്‍ എത്തിയത്. ഒരു മൊമന്റോ, ഭക്ഷണം, അവന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ഐസ്ക്രീം എന്നിവയാണ് സൈന്യം കുരുന്നിന് സമ്മാനമായി നൽകിയത്. തനിക്ക് വളരെ സന്തോഷമായെന്ന് ശ്രാവണും പറയുന്നു. 

മകന്റെ പട്ടാളക്കാരുമായുള്ള ബന്ധം കണ്ടപ്പോൾ തനിക്ക് അഭിമാനം തോന്നിയതായി ശ്രാവണിന്‍റെ പിതാവ് സോന സിങ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ വയലുകളിൽ സൈന്യം എത്തിയ ആദ്യ ദിവസം മുതൽ ശ്രാവൺ അവരെ സഹായിക്കാൻ തുടങ്ങി. പാലും വെള്ളവും ലസ്സിയും ഐസും നല്‍കി. ഒരു ദിവസം പോലും അതിന് അവന്‍ മുടക്കം വരുത്തിയില്ല. ഞങ്ങൾ അവനോടൊപ്പം നിന്നു. സോന സിങ് പറഞ്ഞു. അങ്ങിനെ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ചരിത്രം നാളെ ഓര്‍ക്കുമ്പോള്‍ ആ കഥയുടെ നിശബ്ദമായ ഒരു കോണിൽ ശ്രാവണിന്‍റെ പേരും പ്രതിധ്വനിക്കും.

ENGLISH SUMMARY:

During India's major military mission Operation Sindoor, a 10-year-old boy named Shravan Singh from Punjab quietly stole hearts by delivering milk, water, and lassi to frontline soldiers every day. His courage, innocence, and dream of becoming a soldier won admiration from the Indian Army, making him an unforgettable part of this historic operation.