jyoth-malhotra-madhuri-gupta

TOPICS COVERED

ചാരക്കേസില്‍ ഹരിയാനയില്‍ നിന്നും അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയ്ക്ക് മുന്‍പ് ഹണിട്രാപ്പില്‍ പാക്കിസ്ഥാന്‍ വീഴ്ത്തിയ ചാരയായിരുന്നു  മാധുരി ഗുപത. ജ്യോതി വെറും യൂട്യൂബറാണെങ്കില്‍ നയതന്ത്ര ഉദ്യോഗസ്ഥയെയാണ് പാക്കിസ്ഥാന്‍ അന്ന് കുരുക്കിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം സെക്കൻഡ് സെക്രട്ടറിയായിരുന്നു മാധുരി ഗുപ്ത. 

പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജംഷാദ് എന്ന ജിം ആണ് മാധുരി ഗുപ്തയെ ഹണിട്രാപ്പിൽ കുടുക്കിയത്. ജംഷാദിനൊപ്പം ഐഎസ്ഐ ഏജന്‍റായ മുബാസർ റാസ റാണയുമാണ് മാധുരിയുമായി ബന്ധം സ്ഥാപിച്ചത്. ‘ജങ്’ ദിനപത്രത്തിലെ ലേഖകനായ ജാവിദ് റഷീദാണ് പാക്ക് ചാരന്മാരെ മാധുരിയുമായി ബന്ധപ്പെടുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ എഴുതിയ പുസ്തകം മാധുരിക്ക് ലഭിക്കാൻ പാക്ക് ചാരന്മാര്‍ സഹായിച്ചു. ഇതാണ് അപകടകരമായ സൗഹൃദത്തിന് വഴി തുറന്നത്. 

അന്ന് 52 വയസായിരുന്ന മാധുരി ഗുപ്ത ജംഷാദുമായുള്ള ബന്ധം തുടര്‍ന്നു. മാധുരിയുടെ ഇസ്‍ലാമാബാദിലെ വീട്ടിലെ കമ്പ്യൂട്ടറും ബ്ലാക്ക്‌ബെറി ഫോണും റാസ റാണ ഉപയോഗിക്കുകയും ചെയ്തു. ഈ സമയത്ത് ജംഷാദുമായി മാധുരി പ്രണയത്തിലായെന്നും ഇസ്‍ലാം മതം സ്വീകരിക്കാനും അയാളെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ മാധുരിയുടെ ഉർദു ഭാഷാ പ്രാവീണ്യം കണക്കിലെടുത്താണ് പാക്കിസ്ഥാനിൽ നിയമനം നൽകിയത്. 2010 മാർച്ചിൽ റാണയുടെ നിർദ്ദേശപ്രകാരം ഗുപ്ത ജമ്മു കശ്മീർ സന്ദർശിച്ചതായും, ജമ്മുവില്‍ സ്ഥാപിക്കാൻ പോകുന്ന 310 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ വിവരങ്ങൾ റാണ ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. തന്‍റെ പ്രവര്‍ത്തന മേഖലയ്ക്കപ്പുറം മാധുരി നടത്തിയ ഇടപെടാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് കാരണമായത്. ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി. 

ഐഎസ്‌ഐക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിനെ തുടര്‍ന്ന് ഡൽഹിയിലേക്കു വിളിച്ചുവരുത്തി 2010 ഏപ്രിൽ 22നാണ് മാധുരിയെ അറസ്റ്റ് ചെയ്തത്. സാർക്ക് ഉച്ചകോടിയുടെ തയ്യാറെടുപ്പുകളിൽ സഹായം ആവശ്യമാണെന്ന വ്യാജേനയാണ് ഗുപ്തയെ പെട്ടെന്ന് ഡൽഹിയിലേക്ക് തിരിച്ചുവിളിക്കുന്നത്. 

2018 ലാണ് മാധുരി ഗുപ്തയെ കോടതി ശിക്ഷിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരം മാധുരി കുറ്റക്കാരിയാണെന്നു കണ്ടെത്തിയ ഡൽഹി കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങി രാജസ്ഥാനിലെ ഭിവാഡിയിൽ താമസിച്ചിരുന്ന മാധുരി 2021 ഒക്ടോബറിൽ 64–ാം വയസിലാണ് മരിക്കുന്നത്. 

താൻ നിരപരാധിയാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ചില ഉദ്യോഗസ്ഥരുമായുള്ള അകൽച്ചയെ തുടർന്ന് അവർ കെണിയിൽ പെടുത്തിയതാണെന്നായിരുന്നു മാധുരിയുടെ നിലപാട്. ശിക്ഷയ്‌ക്കെതിരെ മാധുരി നല്‍കിയ അപ്പീല്‍ മരണസമയത്ത് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.

ENGLISH SUMMARY:

Before Jyothi Malhotra’s arrest in the espionage case, Indian diplomat Madhuri Gupta was caught in a Pakistani honeytrap. Gupta served as Second Secretary in the Press and Information Wing at the Indian High Commission in Islamabad, highlighting the complex diplomatic espionage.