afghan-pak-border-file

Image Credit: Reuters

TOPICS COVERED

പാക്കിസ്ഥാന്‍– അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. 12പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യൂറന്‍റ് ലൈനരികെയുള്ള കുനര്‍, ഹെന്‍മന്‍ഡ് ഉള്‍പ്പടെയുള്ള പാക് സൈനിക പോസ്റ്റുകള്‍ സൈന്യം പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. ബറംച ജില്ലയിലെ ഷാക്ജി, ബിബി ജാനി, സേല്‍ഹന്‍ എന്നിവിടങ്ങളിലും അര്‍യുബ് സാസി ജില്ലയിലുമാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.

അതേസമയം, താലിബാന്‍റെ ആക്രമണങ്ങളെ പൂര്‍ണശക്തിയോടെയും പ്രതിരോധിക്കുന്നുണ്ടെന്നും പ്രകോപനമില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചതെന്നും പാക് സൈന്യം പറയുന്നു. എന്നാല്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് നടപടിയോടുള്ള പ്രതിരോധം മാത്രമാണ് അഫ്ഗാന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും ഇനിയും സമാനശ്രമങ്ങള്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അഫ്ഗാന്‍ പ്രതിരോധ വക്താവ് ഇനായത്തുള്ള ഖോവരാസ്മി പറഞ്ഞു.

കാബൂളിനടുത്ത് പാക്കിസ്ഥാന്‍ വ്യോമാക്രമണം ഉണ്ടായതിന് പിന്നാലെയാണ് തങ്ങള്‍ തിരിച്ചടി തുടങ്ങിയതെന്നാണ് അഫ്ഗാന്‍ സൈന്യം പറയുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്​ലമാബാദ് ഇതുവരെയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. താലിബാന്‍ 2021ല്‍ അധികാരം പിടിച്ചശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനുമായി ഇത്ര രൂക്ഷമായ സംഘര്‍ഷം ഉടലെടുക്കുന്നത്. പക്തിയ, പക്തിക, ഖോഷ്ട്, കുനര്‍,ഹെല്‍മണ്ട്, നാന്‍ഹര്‍ഹാര്‍ പ്രവിശ്യകളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.

അതിനിടെ, സംഘര്‍ഷം ഇരുപക്ഷവും അവസാനിപ്പിക്കണമെന്ന് ഖത്തറും ഇറാനും ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ സമാധാനത്തിന്‍റെ പാതയിലേക്ക് വരണമെന്നും അതിര്‍ത്തി ശാന്തമാക്കണമെന്നും ഖത്തര്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ ആവശങ്ക ഉളവാക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

ENGLISH SUMMARY:

Pakistan Afghanistan border conflict intensifies. The clash between the two countries has raised concerns globally, prompting calls for peace and de-escalation.