son-stops-mothers-funeral

അമ്മയുടെ ആഭരണങ്ങള്‍ തനിക്ക് കിട്ടണം എന്ന ആവശ്യവുമായി, ശ്മശാനത്തിൽ അമ്മയ്ക്കായി ഒരുക്കിയ ചിതയിൽ കയറിക്കിടന്ന് മകന്റെ പ്രതിഷേധം. ആഭരണം കിട്ടിയില്ലെങ്കില്‍, സംസ്കാരം നടത്താൻ ഒരുത്തനെയും അനുവദിക്കില്ലെന്നായിരുന്നു മകന്‍ ഓംപ്രകാശിന്‍റെ ഭീഷണി. അയല്‍പക്കത്തുള്ളവര്‍ പലതും പറഞ്ഞ് മകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ചിതയിൽ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. 

രണ്ടുമണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിനൊടുവിൽ മകന്റെ വാശി തന്നെ വിജയിച്ചു. അമ്മയുടെ ആഭരണങ്ങൾ കൈമാറിയതോടെ സംസ്കാരം നടത്താന്‍ മകന്‍ സമ്മതിച്ചു. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്‌റോർ ജില്ലയിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മരിച്ച ഭൂരിദേവിക്ക് 80 വയസായിരുന്നു. ഏഴ് ആൺമക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ആറ് പേര്‍ ഒന്നിച്ചാണ് താമസം. അഞ്ചാമത്തെ മകനാണ് ഓംപ്രകാശ്. സ്വത്തു തർക്കത്തെ തുടർന്ന് ഓംപ്രകാശ് മറ്റൊരിടത്ത് മാറി താമസിക്കുകയായിരുന്നു. ഭൂരിദേവിയുടെ മരണത്തെ തുടര്‍ന്ന് ആചാരപ്രകാരം ശരീരത്തിലുണ്ടായിരുന്ന വെള്ളി വളകളടക്കമുള്ള ആഭരണങ്ങൾ  മൂത്ത മകനാണ് കൈമാറിയത്. ഇതാണ് ഓം പ്രകാശിനെ ചൊടിപ്പിച്ചത്. 

മരണ വീട്ടില്‍ ബഹളം വെച്ച  ഓം പ്രകാശ് സഹോദരങ്ങളോട് വഴക്കിട്ടു. ആഭരണങ്ങൾ കിട്ടാതെ മാറില്ലെന്ന് ഉറപ്പിച്ചായിരുന്നു ചിതയിൽ കയറിക്കിടന്നുള്ള പ്രതിഷേധം. ഒടുവിൽ മൂത്ത മകന്‍ അമ്മയുടെ ആഭരണങ്ങൾ കൈമാറിയതിന് ശേഷമാണ് ചടങ്ങ് നടത്താന്‍ അനുവദിച്ചത്. 

ENGLISH SUMMARY:

Son halts mother's cremation in Jaipur, lies on pyre over silver bangles