ഓപ്പറേഷന്‍ സിന്ദൂറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പങ്കുവച്ച് കരസേന. പാക് പോസ്റ്റുകള്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പടിഞ്ഞാറന്‍ കമാന്‍ഡ് പുറത്തുവിട്ടത്. ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണ ഇന്ന് അവസാനിക്കും എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സേന വ്യക്തമാക്കി. അതിനിടെ ഇന്ത്യക്കു സമാനമായി പാക്കിസ്ഥാനും വിദേശരാജ്യങ്ങളിലേക്ക് എം.പി മാരുടെ സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിലായിരുന്നു തുടക്കം. ഇത്തവണ പാക്കിസ്ഥാന് മറക്കാത്ത തിരിച്ചടി നല്‍കുമെന്ന് ഉറപ്പിച്ചിരുന്നു. പ്രതികാരമല്ല, നീതിയാണ് നടപ്പാക്കിയത്. വെടിനിര്‍ത്തല്‍ ലംഘിച്ച പോസ്റ്റുകള്‍ പൂര്‍ണമായി തകര്‍ത്തു. ശത്രു ഓടിപ്പോയി. എന്നും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയില്‍ സൈന്യം പറയുന്നു.
ഇന്ത്യ –പാക് വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കും എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. വെടിനിര്‍ത്തലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഡി.ജി.എം.ഒ തല ചര്‍ച്ചകള്‍ ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ ഇന്ത്യക്ക് സമാനമായി പാക്കിസ്ഥാനും എംപിമാരുടെ സംഘത്തെ മറ്റു രാജ്യങ്ങളിലേക്ക് അയക്കാൻ തീരുമാനിച്ചു. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശരാജ്യങ്ങൾ സന്ദർശിക്കുക.