Mumbai, May 06 (ANI): Screenwriter and lyricist Javed Akhtar addresses the gathering during the launch of 'Goongoonalo,' India's first artist-owned music platform, at the studio theatre, Jio World, BKC in Mumbai on Monday. (ANI Photo)
പാക്കിസ്ഥാനും നരകവും മുന്നില്‍ വച്ച് എവിടേക്ക് പോകണമെന്ന് ചോദിച്ചാല്‍ താന്‍ നരകമേ തിരഞ്ഞെടുക്കൂവെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മുംബൈയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ജാവേദ് അക്തറിന്‍റെ പരാമര്‍ശം. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തീവ്രനിലപാടുകാരുടെ കയ്യില്‍ നിന്നും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലും വാട്സാപ്പിലും ഭീഷണി സന്ദേശങ്ങള്‍ കുമിഞ്ഞുകൂടിയെന്നും ഒരുഭാഗത്തെ കുറിച്ച് പറയുമ്പോള്‍ മറുഭാഗത്തിന് അസ്വസ്ഥതയുണ്ടാക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
'ചിലര്‍ എന്നോട് ഞാന്‍ കാഫിറാണ്, നരകത്തില്‍ പോകുമെന്നും മറ്റുചിലര്‍ ഞാന്‍ ജിഹാദിയാണ് അതുകൊണ്ട് പാക്കിസ്ഥാനില്‍ പോകൂവെന്നും ആക്രോശിക്കുകയാണ്. നിലവില്‍ എന്‍റെ മുന്നില്‍ രണ്ട് വഴിയാണുള്ളത്, ഞാന്‍ നരകമേ തിരഞ്ഞെടുക്കൂ.. പാക്കിസ്ഥാന്‍ അല്ല. 19–ാം വയസില്‍ മുംബൈയിലെത്തിയവനാണ് ഞാന്‍. എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് മുംബൈയുടെയും മഹാരാഷ്ട്രയുടെയും കാരുണ്യമാണ്'- അക്തര്‍ തുറന്നടിച്ചു.
കശ്മീരികളെല്ലാം മനസ് കൊണ്ട് പാക്കിസ്ഥാനൊപ്പമാണെന്ന പാക് പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ജാവേദ് അക്തര്‍ ഉയര്‍ത്തിയത്. തീര്‍ത്തും അവാസ്തവമാണിതെന്നും പച്ചക്കള്ളമാണെന്നും അക്തര്‍ പറയുന്നു. 'സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം കശ്മീരികളാണ് പാക്കിസ്ഥാനെതിരെ പോരാടിയത്. സൈന്യം എത്തിയത് അതിന് ശേഷമമാണ്. സത്യമെന്താണെന്ന് വച്ചാല്‍ ഇന്ത്യയില്ലാതെ കശ്മീരുമില്ല. പഹല്‍ഗാം കശ്മീരിന്‍റെ മനസിലെ മായാമുറിവാണ്. വിനോദസഞ്ചാര മേഖല അപ്പാടെ പ്രതിസന്ധിയിലായി'. കശ്മീരികള്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നും 99 ശതമാനം ജനങ്ങളും ഇന്ത്യയോട് മാത്രം കൂറുപുലര്‍ത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.