പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പിറ്റേന്ന്, അതായത് ഏപ്രില്‍ 23നാണ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ അബദ്ധത്തില്‍ ഇന്ത്യ–പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നത്. കര്‍ഷകര്‍ക്ക് അകമ്പടി പോയതായിരുന്നു ഷാ. പഹല്‍ഗാമിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെട്ട സമയമായതുകൊണ്ട് പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് നിരീക്ഷണം ശക്തിപ്പെടുത്തിയ സമയമായിരുന്നു. തിരികെ അതിര്‍ത്തി കടക്കുംമുന്‍പ് ഷായെ അവര്‍ പിടികൂടി. തൊട്ടുപിന്നാലെ കണ്ണുകെട്ടി പാക് റേഞ്ചേഴ്സിന്റെ വാഹനത്തില്‍ ഇരുത്തിയ നിലയില്‍ ഷായുടെ ചിത്രവും അവര്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഈമാസം 14നാണ് ഷായെ പാക്കിസ്ഥാന്‍ വിട്ടയച്ചത്.
തിരികെയെത്തിയ ജവാനോട് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായി സംസാരിച്ചു. കസ്റ്റഡിയിലായിരിക്കേ പാക്ക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് പി.കെ.ഷാ വെളിപ്പെടുത്തി. ‘ഉറങ്ങാന്‍ അനുവദിക്കാതെ നിരന്തരം ചോദ്യംചെയ്തു. പല്ലുതേക്കാന്‍ സമ്മതിച്ചില്ല. ഇവര്‍ നിരന്തരം അസഭ്യം പറഞ്ഞു...’ – ഇതായിരുന്നു ഷായുടെ വാക്കുകള്‍. എന്നാല്‍ ശാരീരികമായ ഉപദ്രവം ഉണ്ടായില്ലെന്നും ഷാ വെളിപ്പെടുത്തി.
ജനീവ കണ്‍വെന്‍ഷന്‍റെ ഭാഗമായ യുദ്ധത്തടവുകാരെ സംബന്ധിച്ച ഉടമ്പടി പ്രകാരം യുദ്ധകാലത്തോ അല്ലാതെയോ പിടിക്കപ്പെടുന്ന ശത്രുരാജ്യങ്ങളുടെയോ അയല്‍രാജ്യങ്ങളുടെയോ സൈനികരെ മാതൃരാജ്യത്തിന് കൈമാറണം എന്നാണ് ചട്ടം. അര്‍ധസൈനികവിഭാഗത്തില്‍പ്പെട്ട ആളാണെങ്കിലും യൂണിഫോമിട്ട സൈനികനായാണ് കണക്കാക്കുക. യുദ്ധത്തടവുകാരനായാല്‍പ്പോലും അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് പ്രിസണേഴ്സ് ഓഫ് വാര്‍ ഉടമ്പടി. ഇത്തരം സൈനികരെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കാന്‍ പിടില്ല. എന്നാല്‍ 1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പാക് പട്ടാളത്തിന്‍റെ പിടിയില്‍പ്പെട്ട ക്യാപ്റ്റന്‍ സൗരഭ് കാലിയയോട് അവര്‍ കാട്ടിയത് കണ്ണില്ലാത്ത ക്രൂരത. 2019ല്‍ ഗ്രൂപ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാനും നേരിട്ടു ചെറുതല്ലാത്ത പീഡനങ്ങള്‍.
അതിര്‍ത്തി കടന്ന സൈനികനെ ചോദ്യംചെയ്യാം. എന്നാല്‍ മൂന്നാംമുറ പ്രയോഗിക്കരുതെന്ന് പ്രിസണേഴ്സ് ഓഫ് വാര്‍ ഉടമ്പടി പറയുന്നു. പിടിക്കപ്പെടുന്ന സൈനികര്‍ക്ക് ബാധകമായ വ്യവസ്ഥകളും അതിലുണ്ട്. സൈനിക യൂണിഫോം ധരിച്ചിരിക്കണം എന്നതാണ് പ്രധാന ചട്ടം. യൂണിഫോമില്‍ പേര് രേഖപ്പെടുത്തിയിരിക്കണം. യൂണിറ്റിന്‍റെ ബാഡ്ജ് ഉണ്ടായിരിക്കണം. റെജിമെന്‍റ് ഏതെന്ന് രേഖപ്പെടുത്തണം, കമാന്‍ഡറെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണം. ഇതാണ് ചട്ടം. യുദ്ധതടവുകാരനായോ അല്ലാതെയോ പിടികൂടിയാല്‍ ‘അഭിമാനക്ഷതമേല്‍ക്കാതെ വിട്ടയയ്ക്കണം’ എന്നാണ് ജനീവ കണ്‍വന്‍ഷന്‍ പറയുന്നത്.
ഇനി, ശത്രുസൈന്യമോ, ശത്രുരാജ്യമോ പിടികൂടി കസ്റ്റഡിയിലെടുത്ത് തിരികെ വിട്ടാലോ, സ്വന്തം രാജ്യത്ത് എത്തുമ്പോഴും ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ആദ്യം വൈദ്യപരിശോധനകള്‍ നടത്തും. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നല്‍കും. ശത്രുസൈന്യത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും വിലയിരുത്തും. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ശത്രുരാജ്യത്ത് അകപ്പെട്ടശേഷം തിരികെ എത്തി ചാരന്‍മാരായ അനുഭവങ്ങള്‍ പലതുണ്ട്. അതുകൊണ്ട് സുരക്ഷാ ഏജന്‍സികളും ഇന്‍റലിജന്‍സ് ഏജന്‍സികളും വിശദമായി വിവരങ്ങള്‍ തേടും. റോയും ഐബിയും മിലിറ്ററി ഇന്‍റലിജന്‍സുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. ബിഎസ്എഫിനും സ്വന്തമായി ഇന്‍റലിജന്‍സ് വിഭാഗമുണ്ട്. അവരും വിവരങ്ങള്‍ ചോദിച്ചറിയും. ‘ഡീബ്രിഫിങ്ങില്‍’ വ്യക്തതയുണ്ടായാല്‍ മാത്രമെ വീട്ടുകാരടക്കമുള്ളവരെയും അടുപ്പക്കാരെയും കാണാന്‍ കഴിയുകയുള്ളു.
ബംഗാളില്‍ നിന്നുള്ള പൂര്‍ണം കുമാര്‍ ഷായെ പഞ്ചാബിലെ ഫിറോസ്പുരിലുള്ള 182 ബറ്റാലിയനിലാണ് പോസ്റ്റ് ചെയ്തിരുന്നത്. ഡ്യൂട്ടിക്കിടെ ശത്രുരാജ്യത്തിന്‍റെ പിടിയില്‍പ്പെട്ട ജവാനെ തിരികെയെത്തിക്കാന്‍ ഈ ദിവസങ്ങളിലത്രയും കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും പരിശ്രമിച്ചുവരികയായിരുന്നു. മേയ് 14ന് രാവിലെ 10.30ന് അമൃത്സറിലെ വാഗ–അട്ടാരി അതിര്‍ത്തി ചെക്പോസ്റ്റ് വഴി ഷായെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് തിരികെ കൈമാറി. പാക്കിസ്ഥാന്‍റെ പിടിയിലാകുമ്പോള്‍ ഷായുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനെ ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ബംഗാളില്‍ നിന്ന് പഞ്ചാബിലെത്തിയ അവര്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമായി ഷായുടെ തിരിച്ചുവരവ്.