വിവാഹ സല്‍ക്കാര വേദിയിലേക്ക് പൊലീസിനെയും കൂട്ടി ഒരു യുവതി കടന്നുവരുന്നു. പിന്നീട് കാണുന്നത് കൂട്ടത്തല്ലാണ്. ഇതോടെ റിസപ്ഷനെത്തിയവരും ഞെട്ടി. എന്താണ് സംഭവം എന്ന് തിരക്കിയപ്പോഴാണ് അറിയുന്നത്, വരന്‍റെ മുന്‍ കാമുകിയാണ് പൊലീസുമായി എത്തിയതെന്ന്. വിവാഹവാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു, തന്‍റെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തു എന്നിങ്ങനെ ആരോപണങ്ങളും യുവതി വരനുമേല്‍ ഉന്നയിച്ചു. ഇതോടെ മൊത്തത്തില്‍ ബഹളമയമായി.
ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പ്രാദേശിക ആചാരപ്രകാരം നിര്‍ബന്ധ (വിവാഹനിശ്ചയം) നടത്തിയിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതാണ്. മാത്രമല്ല ഒന്നിച്ചായിരുന്ന സമയത്ത് അഞ്ചുലക്ഷത്തോളം രൂപ തന്‍റെ കയ്യില്‍ നിന്ന് യുവാവ് വാങ്ങിയിട്ടുണ്ട് എന്നടക്കമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. റിസപ്ഷനെത്തിയ അതിഥികള്‍ കേള്‍ക്കുംവിധത്തലാണ് യുവതി ഇക്കാര്യങ്ങളെല്ലാം വിളിച്ചുപറഞ്ഞത്.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഒരുഘട്ടത്തില്‍ കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ കടക്കുന്നുണ്ട്. യുവതി യുവാവിനെ തല്ലുന്നതും വധു ഇവരെ തടയുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ചിലര്‍ യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഈ ബഹളങ്ങള്‍ക്കെല്ലാമൊടുവില്‍ വരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയാണ്.
യാതൊരു കാരണവും പറയാതെയാണ് യുവാവ് തന്നെ ഉപേക്ഷിച്ചത്. വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു. മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതോടെ തന്‍റെ ഫോണ്‍ കോളുകള്‍ പോലും യുവാവ് എടുക്കാതായി എന്ന് യുവതി ആരോപിച്ചതായി ദൃക്സാക്ഷികളിലൊരാള്‍ പിന്നീട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.