ak-bharti-rajiv-ghai-pramod-ss-sharda-attend-a-press-briefing

ഓപ്പറേഷൻ സിന്ദൂർ പാക് മണ്ണിൽ നടത്തിയ കനത്ത പ്രഹരത്തിന്‍റെ തെളിവ് പ്രദർശിപ്പിച്ചാണ് ദൗത്യം ഫലപ്രദമായി ഏകോപിപ്പിച്ച കര–നാവിക–വ്യോമസേനകളുടെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറലുമാർ ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ സാധാരണ ജനങ്ങൾക്ക് പരുക്കോ ജീവനഷ്ടമോ ഇല്ലാതെ നടത്തിയ പ്രഹരമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് സേനാമേധാവികള്‍ വിശദീകരിച്ചു.

"എങ്ങനെയാണ് ഇത്ര കൃത്യതയോടെ ശത്രുവിന്‍റെ കോട്ടകളിൽ തിരഞ്ഞെടുത്ത് ആക്രമണം നടത്തിയത്? ഇതിന് ആരെയാണ് സൈനിക വിഭാഗങ്ങൾ ആശ്രയിച്ചത്?"

രാജ്യത്തിന്റെ മൂന്നാം കണ്ണായി  ഉപഗ്രഹങ്ങൾ

ഇസ്റോ വിവിധ സമയങ്ങളിലായി വിക്ഷേപിച്ചു പരിപാലിക്കുന്ന ഉപഗ്രഹങ്ങൾ ഒരിക്കൽ കൂടി രാജ്യരക്ഷയ്ക്കെത്തിയതിന്റെ കാഴ്ചയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പഹൽഗാമിൽ ഭീകരർ മതം ചോദിച്ചു മനുഷ്യരെ കൂട്ടക്കുരുതി നടത്തിയതിനു തൊട്ടുപിന്നാലെ തന്നെയാണ് തിരിച്ചടി നൽകാൻ രാജ്യം തീരുമാനിച്ചത്. അണുകിട വീഴ്ചയില്ലാതെ കൃത്യമായ ടാർജറ്റുകളിൽ ആക്രമണം നടത്തി പാക്കിസ്ഥാനെന്ന രാജ്യത്തെയും പാക് സൈന്യം തീറ്റിപ്പോറ്റുന്ന തീവ്രവാദക്കൂട്ടങ്ങളെയും പാഠം പഠിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.

സഹായം വെളിപ്പെടുത്തി ഇസ്റോ

തിരിച്ചടിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ ഇതിനായുള്ള വ്യാപകവും കുറ്റമറ്റതുമായ പദ്ധതി തയ്യാറാക്കാൻ സൈനിക വിഭാഗങ്ങൾക്ക് നിർദേശമെത്തിയിരുന്നു. ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പഴുതില്ലാത്ത ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി സൈന്യം ഇസ്റോയുടെ സഹായം തേടി. ഇന്നലെ ഇംഫാലിലെ കേന്ദ്ര കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഇസ്റോ ചെയർമാൻ വി. നാരായണൻ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ച് രാജ്യസുരക്ഷയിൽ ഇസ്റോയ്ക്ക് ഉള്ള പങ്ക് എടുത്തു പറഞ്ഞു.

radar-images-isro

“നമ്മുടെ അയൽക്കാരെക്കുറിച്ച് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍  നമ്മുടെ ഉപഗ്രഹങ്ങളുടെ  സേവനവും നിര്‍ണായകമാണ്. നമ്മുടെ 7,000 കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നിരീക്ഷിക്കണം. വടക്കൻ അതിർത്തിഭാഗങ്ങൾ മുഴുവൻ തുടർച്ചയായി നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോൺ സാങ്കേതികവിദ്യ ഇല്ലാതെ നമുക്ക് അത് നേടാൻ കഴിയില്ല,” ഇതായിരുന്നു നാരായണന്‍റെ വാക്കുകള്‍

“രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ ഉദ്ദേശ്യത്തിനായി കുറഞ്ഞത് 10 ഉപഗ്രഹങ്ങളെങ്കിലും തുടർച്ചയായി 24 മണിക്കൂറും പ്രവർത്തിക്കുന്നു,” — ഐഎസ്ആർഒ ചെയർമാൻ വിശദീകരിച്ചു.

ഇസ്റോ സഹായം ഇങ്ങനെ

ഇന്ത്യയുടെ കര, കടൽ അതിർത്തികൾ നിരന്തരം നിരീക്ഷിക്കാനായി നമുക്ക് ആകാശത്ത് മൂന്നാം കണ്ണുകളായി ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്. 1988-ൽ വിക്ഷേപിച്ച ഐ.ആർ.എസ്.–1A മുതലാണ് രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണി ആരംഭിക്കുന്നത്. അടുത്ത 18-ന് വിക്ഷേപിക്കുന്ന റിസാറ്റ്–1ബി (E.O.S.–9)യും ഈ ഗണത്തിലപെട്ടതാണ്.

ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇസ്റോ സൈന്യത്തിന് കൈമാറിയത്. തുടര്‍ന്നാണ് സൈന്യം ഓപ്പറേഷൻ പ്ലാൻ തയ്യാറാക്കിയത്. ഭീകര കേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ, പാക്കിസ്ഥാൻ സൈന്യത്തിന്റെ മിലിറ്ററി ബേസുകളുടെ കൃത്യതയാർന്ന ചിത്രങ്ങൾ, ഡ്രോൺ ലോഞ്ച് പാഡ്‌സ് എന്നിവയുടെ കൃത്യമായ വിവരങ്ങളും ചിത്രങ്ങളോടൊപ്പം കൈമാറിയവയിൽ ഉൾപ്പെടും.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഇസ്റോയുടെ ഉന്നതൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ഇന്നലെ മൂന്നു സൈനിക വിഭാഗങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ഉപഗ്രഹ ചിത്രങ്ങളും കൈമാറിയതും ഇസ്റോയാണ്.

ENGLISH SUMMARY:

ISRO's satellites played a crucial role in the success of Operation Sindoor, providing vital imagery and data to India's military, ensuring a precision strike against enemy targets. The contribution of ISRO's Earth observation satellites was key in achieving national security objectives.