ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്‍റെ ആക്രമണത്തിനൊപ്പം ഇന്ത്യ നേരിട്ടത് വ്യാജ പ്രചാരണങ്ങളായിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് പാക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നടത്തിയ വ്യാജ പ്രചാരണങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓരോ ദിവസവും പൊളിച്ചടുക്കി. എന്നാല്‍ കേട്ടപാടെ തലയില്‍ കൈവച്ചു പോകുന്ന ചില വ്യാജപ്രചാരണങ്ങളും സംഘര്‍ഷത്തിനിടെ വന്നു.
ഭൂമിശാസ്ത്രപരമായി ഒരിക്കലും സാധിക്കാത്ത ചില പ്രചാരണങ്ങളാണ് പാക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചത്. പാക്ക് നേവി ബെംഗളൂരു പോര്‍ട്ടും പാട്ന സീ പോര്‍ട്ടും തകര്‍ത്തു എന്നാണ് പാക്ക് ഹാന്‍ഡിലുകളുടെ വാദം. ഇരു നഗരങ്ങളിലും കടല്‍ സാന്നിധ്യമില്ലെന്നതാണ് ഇതിലെ കോമഡി. ബെംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ മാറിയാണ് തീരമുള്ളത്. ഗംഗാ തീരത്തുള്ള പാട്നയ്ക്ക് കടല്‍ സാമിപ്യം പോലുമില്ല.
ഇതോടെ ട്രോള്‍മഴയാണ് പാക്കിസ്ഥാന്. ബാംഗ്ലൂരിൽ യുഎസ്ബി പോർട്ടുകൾ മാത്രമേയുള്ളൂ എന്നാണ് ഐപിഎസ് ഓഫീസർ അരുൺ ബോത്ര എക്‌സിൽ പോസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിന്‍റെ ചിത്രം കണ്ട് പാക്കിസ്ഥാനില്‍ തെറ്റിദ്ധരിച്ചതാകാം എന്നാണ് മറ്റൊരു കമന്‍റ്. ബെംഗളൂരുവിലെ പോര്‍ട്ട് കാണാനില്ലെന്നും വാര്‍ത്ത സത്യമാണെന്നും മറ്റൊരു എക്സ് അക്കൗണ്ടിലെ പരിഹാസം. ഇത്തരം പോസ്റ്റുകളിലൂടെ പാക്കിസ്ഥാന്‍ എന്താണ് ഉദ്യേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്റുകള്‍ ഇന്ത്യയില്‍ വൈറലായിട്ടുണ്ട്.
ഇന്ത്യയിൽ ആക്രമണം നടത്തിയെന്നും വ്യോമതാവളങ്ങൾ തകർത്തുവെന്നമുള്ള വ്യാജ പ്രചാരണം പാക്കിസ്ഥാന്‍ പ്രചരിപ്പിച്ചത്. എന്നാൽ പാകിസ്ഥാന്റെ വ്യാജപ്രചരണത്തിന് തെളിവ് സഹിതം ഇന്ത്യൻ സൈന്യം വാർത്താസമ്മേളനത്തില്‍ പൊളിച്ചിരുന്നു. വ്യോമതാവളങ്ങളുടെ ടൈം സ്റ്റാമ്പുള്ള ചിത്രങ്ങളാണ് സൈന്യം പുറത്തുവിട്ടത്. വ്യോമതാവളങ്ങളുടെ ഒരു ഭാഗത്തും പാക്ക് ആക്രമണത്തിന് പോറലേല്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രങ്ങൾ.