സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് താരത്തെ സ്വീകരിച്ചു. താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ‘സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന എത്തിയത്. അടൂര്‍ഗോപാലകൃഷ്ണന്‍, മല്ലികാസുകുമാരന്‍, ഭാഗ്യലക്ഷ്മി,  മധുപാല്‍, കുക്കു പരമേശ്വരന്‍, ടി.കെ.രാജീവ് കുമാര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. കര്‍ദിനാള്‍ ക്ളിമീസ് കാതോലിക്കാബാവ ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്‍മാരും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.പി.സുഹൈബ് മൗലവി, വെള്ളാപ്പള്ളി നടേശന്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു.

മന്ത്രിമാര്‍, സ്പീക്കര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണരെയും പ്രതിപക്ഷനേതാവിനെയും ക്ഷണിച്ചെങ്കിലും ഇരുവരും ങ്കെടുത്തിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.

2022 ല്‍ 26ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അന്ന് അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. അന്ന് വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്.

ENGLISH SUMMARY:

Actress Bhavana attended the official Christmas feast hosted by Kerala Chief Minister Pinarayi Vijayan in Thiruvananthapuram. Minister V. Sivankutty shared pictures from the event on Facebook, calling Bhavana the 'pride of Malayalam cinema'. The lunch, held at a private hotel, was attended by prominent figures including Vellappally Natesan, Cardinal Mar Baselios Cleemis, and other cabinet ministers. This high-profile appearance follows her memorable stage presence at the 26th IFFK, reaffirming her strong connection with the state's cultural and political spheres.