ഇന്ത്യ–പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് നേരെ സൈബറാക്രമണം. അശ്ലീല ഭാഷയിലെ കമന്‍റുകളും ട്രോളുകളും കമന്‍റ് സെക്ഷനില്‍ നിറഞ്ഞതോടെ എക്സ് അക്കൗണ്ട് പ്രൈവറ്റ് മോഡിലേക്ക് മാറ്റിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ നയതന്ത്ര നിലപാട് വാര്‍ത്താസമ്മേളനങ്ങളില്‍ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ പ്രകോപനം ഉണ്ടായിരുന്നു. ഇതില്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് മിശ്രിക്ക് നേരെയുള്ള സൈബറാക്രമണം. ലണ്ടനില്‍ ആഗോള നിയമ സ്ഥാപനമായ ഹെർബർട്ട് സ്മിത്ത് ഫ്രീഹിൽസിൽ ജോലി ചെയ്യുന്ന മിശ്രിയുടെ മകൾ ഡിഡൺ മിസ്‌റിയെയും ഉന്നമിട്ടാണ് സൈബര്‍ ആക്രമണം. ജോലിക്കിടെ റോഹിംഗ്യൻ അഭയാർത്ഥികൾക്ക് നിയമപരമായ സഹായം നൽകിയതിനാണ് മിശ്രിയുടെ മകള്‍ക്ക് നേരെയുള്ള ആക്രമണം. ഇതിന് പിന്നാലൊണ് എക്‌സ് അക്കൗണ്ട് മിശ്രി പൂട്ടിയത്.
പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയും കുടുംബത്തിനൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും കോൺടാക്റ്റ് വിവരങ്ങള്‍ പങ്കിടുകയും ചെയ്താണ് സൈബര്‍ ആക്രമണം. രാജ്യദ്രോഹി, ദേശദ്രോഹി തുടങ്ങിയ അധിക്ഷേപ വാക്കുകളാണ് എക്സ് അക്കൗണ്ടിലെ കമന്‍റ് ബോക്സിലുള്ളത്. അദ്ദേഹത്തിന്‍റെ മകളുടെ പൗരത്വത്തെ ചോദ്യം ചെയ്തുവരെ പോസ്റ്റിലുണ്ട്. അടുത്ത സുജാത സിങാണ് വിക്രം മിശ്രി, അദ്ദേഹത്തിന്‍റെ മകള്‍ റോഹിന്‍ഗ്യകളെ പിന്തുണച്ചതില്‍ അതിശയിക്കാനില്ല. നാണമില്ലാത്തവനും കുടുംബവും എന്നാണ് ഒരു എക്സ് പോസ്റ്റ്.
എക്സില്‍ മിശ്രിയ്ക്ക് പിന്തുണയുമായി നിരവധി പേരും പോസ്റ്റിടുന്നുണ്ട്. നമ്മുടെ രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന മാന്യനും സത്യസന്ധനുമായ കഠിനാധ്വാനിയുമായ നയതന്ത്രജ്ഞനാണ് വിക്രം മിശ്രി. സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുതെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി എക്സില്‍ കുറിച്ചു. .
ആദ്യം നാവിക ഉദ്യോഗസ്ഥനായ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെ പിന്തുടർന്നു. ഇപ്പോൾ അതേ ട്രോളുകൾ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയ്ക്കും മകള്‍ക്കുമെതിരെയാണ്. മകളുടെ മൊബൈൽ നമ്പർ പങ്കിട്ടാണ് ആക്രമണം എന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ എഴുതി.
വിക്രം മിശ്രിയ്ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. സത്യസന്ധതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന സിവിൽ സർവീസുകാർക്കെതിരെ അനാവശ്യമായ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.