പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് ഒട്ടേറെ ചലച്ചിത്രതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമാപ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ദൗത്യത്തിന്‍റെ പേരും ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഈ പേരിന് പിന്നാലെയാണ് പരക്കംപായുകയാണ് ബോളിവുഡ്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് സ്വന്തമാക്കാനുള്ള മല്‍സരത്തിലാണ് മുന്‍നിര സിനിമാക്കാരും സിനിമാ കമ്പനികളും. പേര് സ്വന്തമാക്കാനായി പതിനഞ്ചോളം സിനിമാ നിര്‍മാതാക്കളും, ബോളിവുഡ് സ്റ്റുഡിയോകളും അപേക്ഷ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഈ പ്രവണത പുതിയതല്ല. മുന്‍പും പേരുകള്‍ക്കായി ഇത്തരം പരക്കംപാച്ചിലുകള്‍ നടന്നിട്ടുമുണ്ട്.
ഉറി, വാർ, ഫൈറ്റർ എന്നീ സിനിമകളുടെ വിജയത്തോടെ യുദ്ധസിനിമകള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് സിനിമയെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും പേരിനായുള്ള ഈ പോരാട്ടം. ഓപ്പറേഷന്‍ സിന്ദൂറിനെഅധികരിച്ചൊരു സിനിമയും അതിന് ആ പേരും ലക്ഷ്യമിട്ടാണ് നിര്‍മാതാക്കളുടെ ഈ ഓട്ടം. പേരിന് അവകാശം കിട്ടിയാല്‍ സിനിമ എടുത്തില്ലെങ്കിലും അ പേര് ആവശ്യക്കാര്‍ക്ക് വിറ്റ് പണമുണ്ടാക്കാമെന്നൊരു ചിന്തയും ഈ ലക്ഷ്യത്തിന് പിന്നിലുണ്ട്
ചലച്ചിത്ര നിർമ്മാതാക്കളായ അശോക് പണ്ഡിറ്റ്, മധുർ ഭണ്ഡാർക്കര്‍ എന്നിവര്‍ക്കു പുറമേ വന്‍ നിര്‍മാണക്കമ്പനികളായ സീ സ്റ്റുഡിയോസ്, ടി-സീരീസ് എന്നിവയും പേരിന് പിന്നാലെയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും മല്‍സരരംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കമ്പനി തന്നെ ഇത് നിഷേധിച്ചു. ഇന്ത്യൻ ധീരതയുടെ പ്രതീകവും ദേശീയ ബോധം ഉണര്‍ത്തുന്നതുമായ ഓപ്പറേഷന്‍ സിന്ദൂറിനെ കച്ചവടതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ താല്‍പര്യമില്ല എന്നയിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ പ്രതികരണം. ഭീകരതയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ സായുധ സേനയ്ക്കും റിലയൻസ് പൂർണ്ണ പിന്തുണ നൽകുന്നു. 'ഇന്ത്യ ആദ്യം' എന്ന മുദ്രാവാക്യത്തോടുള്ള പ്രതിബദ്ധത എന്നും തുടരുമെന്നും റിസയന്‍സ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.