**EDS: THIRD PARTY IMAGE** In this image via PMO on May 7, 2025, Prime Minister Narendra Modi delivers a video message for the Global Conference on Space Exploration. (PMO via PTI Photo)(PTI05_07_2025_000197B)
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആഘാതത്തില്‍ നടുങ്ങി നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. പഹല്‍ഗാമില്‍ നിരപരാധികളായ 26 സാധാരണക്കാരുടെ ജീവനെടുത്ത പാക് ഭീകരതയ്ക്ക് അതിര്‍ത്തി കടക്കാതെ തന്നെ പാക് ഭീകരത്താവളങ്ങളുടെ അടിവേരറുത്താണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്ത്യ തിരിച്ചടിക്കുമെന്നും അത് ഒരിടത്ത് മാത്രമാകുമെന്നും കരുതിയിരുന്ന പാക്കിസ്ഥാനെ ഞെട്ടിച്ച് ഒന്‍പത് സ്ഥലങ്ങളിലെ ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്.
ഇന്ത്യയുടെ മാറിയ യുദ്ധതന്ത്രമാണ് സിന്ദൂറില്‍ കണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിലെ നിരീക്ഷകരുടെയും മിക്ക യൂസര്‍മാരുടെയും അഭിപ്രായം. സാധാരണക്കാരെ ലക്ഷ്യമിടാതെ, പാക് സൈനിക കേന്ദ്രങ്ങളെ തൊടാതെ ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് കൃത്യതയോടെ നടത്തിയ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നവരും ഏറെ. പഹല്‍ഗാമില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പതിനഞ്ചാം ദിവസമാണ് ഇന്ത്യ മറുപടി നല്‍കിയത്. അതും ശത്രുവിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്.
സര്‍പ്രൈസും രഹസ്യസ്വഭാവവും നിലനിര്‍ത്തലാണ് യുദ്ധത്തിന്‍റെ മൂലതന്ത്രമെന്നും എപ്പോള്‍ എന്ത് ചെയ്യുമെന്നോ, എങ്ങനെ ചെയ്യുമെന്നോ മുന്‍കൂട്ടി കാണാന്‍ ശത്രുവിന് അവസരം നല്‍കാതിരിക്കുകയാണ് അതില്‍ പ്രധാനമെന്നും റിട്ടയര്‍ഡ് മേജര്‍ ജനറല്‍ അയന്‍ കര്‍ഡോസോ പറയുന്നു. പ്രധാനമന്ത്രിയും മറ്റുള്ളവരും യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ ആലോചിച്ചിരിക്കുകയാണെന്ന് ലോകം കരുതിയിരിക്കെ 25 മിനിറ്റില്‍ ഭീകര സങ്കേതങ്ങള്‍ തകര്‍ക്കാന്‍ നമുക്കായെന്നും അദ്ദേഹം കുറിക്കുന്നു.
പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ഇന്ത്യ മറക്കില്ലെന്നും ഭീകരതയോട് സന്ധി ചെയ്യില്ലെന്നും പ്രഖ്യാപിച്ചെങ്കിലും പതിവ് സന്ദര്‍ശനങ്ങളും യോഗങ്ങളിലുമായി തിരക്കിലായിരുന്നു പ്രധാനമന്ത്രി. തിരിച്ചടിയുടെ ലാഞ്ചന പോലും മോദിയുടെ നീക്കങ്ങളിലൊന്നും കണ്ടിരുന്നില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മന്‍കീ ബാത്തിലടക്കം പഹല്‍ഗാമിലെ കണ്ണീരിനെ കുറിച്ച് മോദി പരാമര്‍ശിച്ചുവെങ്കിലും പാക്കിസ്ഥാന്‍ പ്രതീക്ഷിച്ച പ്രകോപനം ഉണ്ടായില്ല. പഹല്‍ഗാമില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് പുരുഷന്‍മാരെ വെടിയുതിര്‍ത്ത ശേഷം ‘പോയി മോദിയോട് പറയൂ’ എന്നായിരുന്നു ഭീകരര്‍ പറഞ്ഞതെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്കെതിരായ ഓപറേഷന് അതേ സിന്ദൂരത്തിന്‍റെ പേര് നല്‍കിയത് മനപൂര്‍വമാണെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ കുറിക്കുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം സൈന്യം നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ ഔദ്യോഗിക വസതിയിലിരുന്നാണ് പ്രധാനമന്ത്രി വീക്ഷിച്ചത്. പാക്കിസ്ഥാനുള്ള തിരിച്ചടിയെക്കുറിച്ച് യുഎസും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ വിവരം കൈമാറിയിരുന്നു. ലോകശക്തികളുടെ പിന്തുണ ഉറപ്പിക്കാനായതും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അനുകൂല പിന്തുണ നേടിയെടുക്കാനായതും മോദിയുടെ വിജയമാണെന്നും കുറിപ്പുകളുണ്ട്. ഭീകരത്താവളങ്ങള്‍ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്നും പാക്കിസ്ഥാനെന്ന രാഷ്ട്രത്തിനെതിരെയോ അവരുടെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്നും തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കാനും കേന്ദ്രസര്‍ക്കാരിനായി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ബഹിരാകാശത്തെ ഇന്ത്യന്‍ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് മോദി സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്.