ഇന്ത്യയുടെ സുരക്ഷാ–നയതന്ത്ര ചരിത്രത്തിൽ ഏറ്റവും മാനക്കേടുണ്ടാക്കിയ ഒന്നായാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിനെയും തുടര്‍ന്നുണ്ടായ ഭീകരരുടെ മോചനത്തെയും കണക്കാക്കുന്നത്. അന്ന് ഭീകരരുമായി അവസാന ചർച്ചകൾക്കായി നിയമിക്കപ്പെട്ടത് മൂന്നുപേരാണ്. അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്, ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്ന അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിവേക് കട്ജു. ഒടുവില്‍ ഇന്ന് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കേ, കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ സൂത്രധാരന്‍ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെടുമ്പോള്‍.... അജിത് ഡോവലിന് അത് ഒരു പ്രതികാരത്തിന്‍റെ പൂര്‍ത്തീകരണം കൂടിയാണ്. കാല്‍ നൂറ്റാണ്ടത്തെ മുറിവിന്‍റെ പ്രതികാരം!
1999 ഡിസംബർ 24ന്, ക്രിസ്മസ് തലേന്ന് രാത്രിയിലാണ് 176 യാത്രക്കാരുമായി പോയ ഇന്ത്യൻ എയർലൈൻസ് വിമാനം IC-814 ഭീകരര്‍ റാഞ്ചുന്നത്. അന്ന് ഭീകരര്‍ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലാണ് വിമാനമെത്തിക്കുന്നത്. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തെയും അതിലെ യാത്രക്കാരെയും രക്ഷപ്പെടുത്താൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താതിരുന്നു എന്നതാണ് അന്ന് രാജ്യം ഏറ്റുവാങ്ങിയ ഏറ്റവും വലിയ വിമര്‍ശനം. ഒടുവില്‍ വിമാനം കാണ്ഡഹാറിലെത്തിയതോടെ ഇന്ത്യ തികച്ചും നിസ്സഹായാവസ്ഥയിലാകുകയായിരുന്നു. യാത്രക്കാരെ വിട്ടുനല്‍കാന്‍ ഭീകരര്‍ ഉന്നയിച്ച ആവശ്യം മൂന്ന് ഭീകരവാദികളുടെ മോചനമായിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട അബ്ദുല്‍ അസര്‍ റൗഫിന്‍റെ സഹോദരന്‍ മസൂദ് അസ്ഹർ, ഒമർ ഷെയ്ഖ്, മുഷ്താഖ് സർഗർ എന്നിവരുടെ മോചനം.
അന്ന് ഭീകരുമായുള്ള ചര്‍ച്ചകള്‍ക്ക് അജിത് ഡോവലങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയച്ചത്. റാഞ്ചലിന്റെ നാലാം ദിവസമായിരുന്നു സംഘം അഫ്ഗാനിസ്ഥാനില്‍ എത്തുന്നത്. എന്നാല്‍ ഭീകരരുമായി ആദ്യ ഘടങ്ങളില്‍ കൃത്യമായി ആശയവിനിമയം നടത്താന്‍ പോലും സംഘത്തിന് ആയിരുന്നില്ല. വിമാനത്തിലെ ആളുകളുടെ അവസ്ഥ എന്താണെന്ന് പോലും അറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഭീകരരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ മൂന്നുപേരെയും മോചിപ്പിക്കുകയായിരുന്നു. അന്ന് ഭീകരരുമായി ചര്‍ച്ചകള്‍ നടത്താന്‍ ചുമതലപ്പെട്ട വിവേക് കട്ജുവും അജിത് ഡോവലുമടങ്ങുന്ന സംഘത്തിന് നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഭീകരരെ താലിബാൻ അറസ്റ്റ് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടന്നില്ല. താലിബാൻ നേതാക്കൾ ഭീകരരെ കാണ്ഡഹാറിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചു.
ഭീകരരെ മോചിപ്പിച്ചതിലൂടെ യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യ കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. മസൂദ് അസ്ഹറിനെ വിട്ടയച്ചതിന്‍റെ ഫലം പിന്നീട് പലതവണ ഇന്ത്യ ഏറ്റുവാങ്ങി. 2001 ലെ പാര്‍ലമെന്‍റ് ആക്രമണം, 2019ല്‍ 40 സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രണം, പത്താന്‍കോഠ് ആക്രണം ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മസൂദായിരുന്നു. അന്ന് മസൂദ് അസ്ഹറിനെ വിട്ടയക്കാന്‍ ഇടയായ കാണ്ഡഹാര്‍ ഹൈജാക്കിന്‍റെ സൂത്രധാരനാകട്ടെ ഇയാളുടെ സഹോദരന്‍ അബ്ദുല്‍ അസര്‍ റൗഫും. ഒടുവില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ അബ്ദുല്‍ അസര്‍ റൗഫ് കൊല്ലപ്പെടുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്ന അജിത് ഡോവലിന് അത് ഒരു പ്രതികാരത്തിന്‍റെ പൂര്‍ത്തീകരണം കൂടിയാണ്. കാല്‍ നൂറ്റാണ്ടത്തെ മുറിവിന്‍റെ പ്രതികാരം!
കാണ്ഡഹാർ വിമാനം റാഞ്ചല്‍ മാത്രമല്ല അതിന് ശേഷം ഇറാഖിൽ ഇന്ത്യൻ നഴ്സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാൻ ഇന്ത്യ നിയോഗിച്ചതു ഡോവലിനെത്തന്നെയായിരുന്നു. 2016 ല്‍ ഉറി ഭീകരാക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേൽപ്പിച്ചത്. എങ്കിലും ഇന്നും സുരക്ഷാ പ്രതിസന്ധി ഉണ്ടാകുമ്പോൾ അതിനെ എങ്ങനെയെല്ലാം നേരിടാൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരണമായാണ് കാണ്ഡഹാർ വിമാനം റാഞ്ചലിനെ കണക്കാക്കുന്നത്. ഇന്ത്യയക്ക് അത് വലിയൊരു പാഠമായിരുന്നു.