വിജയങ്ങളാണ് എപ്പോഴും കേക്ക് മുറിച്ച് അഘോഷിക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പരാജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഒരു കുടുംബം. കര്‍ണാടകയിലെ ബഗൽകോട്ടിലെ അഭിഷേക് എന്ന വിദ്യാർഥിയുടെ രക്ഷിതാക്കളാണ് ഇത്തരത്തില്‍ പരാജയം കേക്ക് മുറിച്ച് ആഘോഷിച്ചത്. 

തങ്ങളുടെ മകന് പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല.  ആറ് വിഷയങ്ങളിലും കുട്ടി തോറ്റു. 625ല്‍ 200 മാര്‍ക്കാണ് അവന് നേടാനായത്. വഴക്കു പറയേണ്ടതിന് പകരം അവന് ആശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍ ഒപ്പം നിന്നു. കേക്കില്‍ അവന് ലഭിച്ച ശതമാനമായ 32 എന്നും എഴുതി. അഭിഷേക് കേക്ക് മുറിച്ചപ്പോള്‍ ചുറ്റും നിന്നവര്‍ പ്രോല്‍സാഹിപ്പിച്ചു. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്. 

അഭിഷേകിന്‍റെ  മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടക്കം കുടുംബാംഗങ്ങളെല്ലാം കേക്ക് മുറിക്കാൻ ഒത്തുകൂടിയിരുന്നു. താന്‍ തോറ്റു പോയെങ്കിലും എന്‍റെ കുടുംബം എനിക്കൊപ്പം നിന്നു. ഞാൻ നന്നായി പഠിച്ച് വീണ്ടും പരീക്ഷ എഴുതും, വിജയിക്കുമെന്നും അഭിഷേകും പറഞ്ഞു. കുട്ടിക്കാലത്ത് ഉണ്ടായ ഒരു തീപിടിത്തത്തെ തുടർന്ന് തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്ന പ്രശ്‌നമുണ്ടെന്നും പഠിച്ച കാര്യങ്ങൾ ഓർമിക്കാൻ ബുദ്ധിമുട്ടുള്ളതാണ് പരീക്ഷയിൽ തോൽക്കാൻ കാരണമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. കേക്ക് മുറിച്ചുള്ള ആഘോഷം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ENGLISH SUMMARY:

In a heartwarming gesture, the parents of Abhishek, a student from Bagalkot, Karnataka, celebrated his failure in the 10th-grade exam by cutting a cake with "32%" written on it—his overall score. Despite failing all six subjects, the family chose to support and encourage him instead of showing disappointment. Abhishek, who struggles with memory issues due to a childhood fire accident, promised to study hard and try again. The celebration video has gone viral on social media, inspiring many with its message of unconditional love and motivation.