indira-gandhi-02


പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ എന്ത് തിരിച്ചടി നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പറ്റിയാണ്.  യുഎസിന്റെ ഏഴാം കപ്പൽപ്പട ചിറ്റഗോങ് തീരത്തെത്തും മുൻപേ കിഴക്കൻ ബംഗാൾ പൂർണമായും അധീനതയിലാക്കി പാക്ക് സൈന്യത്തെക്കൊണ്ട് കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിടുവിക്കാൻ ഇന്ത്യയ്ക്കു സാധിച്ചത് യുദ്ധതന്ത്രം കൊണ്ടോ? നയതന്ത്രം കൊണ്ടോ?‌ ശരിക്കും എന്താണ് അന്ന് സംഭവിച്ചത്? 

1971.... പാക്ക് പക്ഷത്തേക്കു പൂർണമായും ചാഞ്ഞുകഴിഞ്ഞിരുന്ന റിച്ചഡ് നിക്സനായിരുന്നു അന്നു യുഎസ്  പ്രസിഡന്റ്.  അഭയാര്‍ഥിപ്രവാഹം തടയാനും ബംഗ്ലദേശിന് സ്വാതന്ത്ര്യം നേടികൊടുക്കാനും ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെടുക്കുന്ന സമയം. അമേരിക്ക സന്ദര്‍ശിച്ച ഇന്ദിരാഗന്ധി മടങ്ങിയത് പാക്കിസ്ഥാനെ സഹായിക്കുന്ന നിക്സന്‍റെ നയത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയശേഷം. അത് നിക്സനെ നന്നായി ചൊടിപ്പിക്കുകയും ചെയ്തു.

യുദ്ധം തുടങ്ങിയപ്പോള്‍ പാക്കിസ്ഥാന് അത്യാധുനിക വെടിക്കോപ്പുകളും ആയുധങ്ങളുമെല്ലാം നല്‍കി കട്ടയ്ക്ക് കൂടെ നിന്നു നിക്സന്‍റെ യുഎസ്. യുഎസിന്റെ ശത്രു സോവിയറ്റ് യൂണിയനുമായി സുരക്ഷാ ഉടമ്പടിയുണ്ടാക്കിയായിരുന്നു ഇന്ദിരയുടെ നയതന്ത്ര തിരിച്ചടി. യുദ്ധത്തില്‍ അമേരിക്കയുടെ അത്യാധുനിക വെടിക്കോപ്പുകളെയെല്ലാം നിലംപരിശാക്കി ഇന്ത്യ പാക്കിസ്ഥാനെതിരെ വന്‍ മുന്നേറ്റം നടത്തി. അപ്പോള്‍ ഏഴാം കപ്പൽപ്പടയെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കയച്ച് ഇന്ത്യയെ വിരട്ടാനായി യുഎസ് ശ്രമം. 

അമേരിക്കയുടെ കൂറ്റൻ നാവികവ്യൂഹം പസിഫിക്കിൽനിന്ന് ഇന്ത്യാസമുദ്രത്തിലേക്കു നീങ്ങിയതോടെ അതിനെ പിന്തുടരാൻ റഷ്യ പടക്കപ്പലുകളും ആണവ അന്തർവാഹിനികളുമയച്ചു. എന്തിന്, സോവിയറ്റ് ആണവമിസൈലുകൾ വരെ അമേരിക്കയ്ക്കെതിരെ തയാറാക്കി നിർത്തിയെന്നാണു പറയപ്പെടുന്നത്. അമേരിക്കൻ പട എത്തിയാൽ താനെന്തുചെയ്യണം എന്ന് ചോദിച്ച നാവികസേനാ മേധാവി അഡ്മിറൽ എസ്.എം.നന്ദയോട് ഇന്ദിര പറഞ്ഞു. അമേരിക്കക്കാർ ഒരു ട്രയല്‍ റൺ നടത്തുകയാണ്. അവരെ ഇന്ത്യയുടെ പടക്കപ്പലായ വിക്രാന്തിലേക്ക് ഒരു ഡ്രിങ്കിനു ക്ഷണിക്കൂ, എന്ന്. അമേരിക്കൻ വ്യൂഹം എത്തുന്നതിനുമുൻപു യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യന്‍ സൈന്യത്തിനും നയതന്ത്രജ്ഞർക്കും സാധിക്കുമെന്ന് ഇന്ദിരയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഇന്ദിരയുടെ കണക്കുകൂട്ടല്‍ തന്നെ ജയിച്ചു. 

യുഎസിന്റെ കപ്പൽപ്പട ചിറ്റഗോങ് തീരത്തെത്തും മുൻപേ കിഴക്കൻ ബംഗാളിനെ പൂർണമായും നിലംപരിശാക്കി  പാക്ക് സൈന്യത്തെക്കൊണ്ട് കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിടുവിച്ചു ഇന്ത്യ. അന്ന് ഇന്ത്യ തോല്‍പിച്ചത് പാക്കിസ്ഥാനെ മാത്രമല്ല, അമേരിക്കയേയും പ്രസിഡന്‍റ് റിച്ചഡ് നിക്സനേയും കൂടിയായായിരുന്നു. പ്രതിപക്ഷത്തിരുന്ന അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ അഭിനന്ദിച്ചത് ഇങ്ങനെയായിരുന്നു. ദുര്‍ഗ..ശക്തിയുടെ ദുര്‍ഗ....അന്നത് ഇന്ത്യയും ഏറ്റുപറഞ്ഞു.


ഒന്നുകൂടി പറയട്ടെ, സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഇന്ദിരയും നിക്സണുമായുള്ള ഫോണ്‍ സംഭാഷണം തെറ്റാണ്. കപ്പല്‍പ്പടയെ അയച്ചു എന്ന് പറഞ്ഞ് നിക്സണ്‍ ഇന്ദിരയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ENGLISH SUMMARY:

Amid speculations about India’s response to the Pahalgam terror attack, social media is buzzing with discussions about former Prime Minister Indira Gandhi. The question gaining attention is this: Before the arrival of the US 7th Fleet at the Chittagong coast, India had already brought East Bengal completely under control and made the Pakistani army sign the surrender agreement. Was this achievement a result of brilliant war strategy or exceptional diplomacy? What exactly happened during those crucial moments?